29 C
Trivandrum
Friday, November 7, 2025

തിരുവനന്തപുരം മെട്രോയെത്തുന്നു; നിർണായക ചർച്ച ഡിസംബർ 22ന്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കൊച്ചിക്കു പിന്നാലെ തിരുവനന്തപുരവും ‘മെട്രോ’ നഗരമാവാൻ ഒരുങ്ങുന്നു. തലസ്ഥാനത്തിന്റെ യാത്രാക്ലേശം പരിഹരിക്കാൻ കൊണ്ടുവന്ന തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയിലെ നടപടികൾ ഇടക്കാലത്ത് മന്ദതയിലായെങ്കിലും ഇപ്പോൾ വീണ്ടും സംസ്ഥാന സ‌ർക്കാർ ഗൗരവപൂർവ്വം പരിഗണിക്കുന്നു. കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ ഡിസംബർ 22ന്‌ തിരുവനന്തപുരത്ത്‌ എത്തുമ്പോൾ ഇക്കാര്യത്തിൽ ചർച്ചയുണ്ടാകും എന്നാണ് സൂചന.

തിരുവനന്തപുരം മെട്രോയുടെ സമഗ്ര ഗതാഗത പദ്ധതിയും (സി.എം.പി.), ഓൾട്ടര്‍നേറ്റ് അനാലിസിസ് റിപ്പോര്‍ട്ടും (എ.എ.ആര്‍.) അനുമതിക്കായി സര്‍ക്കാരിനു മുന്നിലെത്തിയിട്ടുണ്ട്. അന്തിമ അലൈന്‍മെന്റ് ഉള്‍പ്പെടെ എ.എ.ആര്‍. അംഗീകരിച്ചാൽ മാത്രമേ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കാനാവൂ. കേന്ദ്രത്തില്‍നിന്നു ഫണ്ട് ലഭിക്കാന്‍ ഇത് അനിവാര്യമാണ്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അതിനു ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തിനു മുമ്പു തന്നെ നടപടക്രമങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (കെ.എം.ആർ.എല്‍.) അടുത്തിടെ പുതുക്കിയ റൂട്ടും അലൈന്‍മെന്റും സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരം മെട്രോയ്ക്കു വേണ്ടി ആദ്യം അംഗീകരിക്കപ്പെട്ട അലൈൻമെൻ്റ്

2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ മാതൃകയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ നടപ്പാക്കാന്‍ കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.ആർ.ടി.എൽ.) രൂപവത്കരിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആർ.സി.) 2014ല്‍ ആദ്യത്തെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍.) സംസ്ഥാനത്തിനു നല്‍കി. പദ്ധതി വൈകിയതോടെ മാറിയ സാഹചര്യം വിലയിരുത്തി പുതിയ ഡി.പി.ആര്‍. തയാറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇതോടെ 2021 ല്‍ പുതുക്കിയ ഡി.പി.ആറും ഡി.എം.ആർ.സി. നല്‍കി. എന്നാല്‍, സംസ്ഥാനത്തു റെയില്‍വേ പദ്ധതികള്‍ക്ക് ഒന്നിലധികം സ്ഥാപനങ്ങള്‍ വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതോടെ കെ.ആർ.ടി.എൽ. പിരിച്ചു വിടാനും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ കെ.എം.ആർ.എല്ലിനെ തന്നെ ഏല്പിക്കാനും സ‌ർക്കാ‌ർ തീരുമാനിച്ചു.

2022 ല്‍ കെ.എം.ആർ.എൽ. ഏറ്റെടുത്ത ശേഷമാണ് രണ്ടിടത്തും മെട്രോ ആവശ്യമുണ്ടോയെന്നറിയാന്‍ സി.എം.പി. തയ്യാറാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പടുത്തിയ ഡി.പി.ആർ. പ്രകാരം പുതിയ റൂട്ടുകള്‍ നിശ്ചയിച്ചെങ്കിലും അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന് സർക്കാർ നിർദ്ദേശിച്ചു. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിനു മുന്നില്‍ മെട്രോ ലൈന്‍ ആരംഭിക്കണമെന്ന പുതിയ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ടെക്‌നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാകണം. ടെക്‌നോപാര്‍ക്ക് -കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ് – ഉള്ളൂര്‍ – മെഡിക്കല്‍ കോളേജ് – മുറിഞ്ഞപാലം – പട്ടം – പി.എം.ജി. ജംഗ്ഷൻ – നിയമസഭയ്ക്കു മുന്നിലൂടെ പാളയം – ബേക്കറി ജംഗ്ഷൻ – തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് ഡിപ്പോ – തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ – പുത്തരിക്കണ്ടം മൈതാനം എന്നതാണ് നിര്‍ദ്ദേശിച്ച റൂട്ട്.

കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ്, ടെക്‌നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, വൈദ്യുതി ഭവന്‍, സെക്രട്ടേറിയറ്റ്, നിയമസഭ, യൂണിവേഴ്‌സിറ്റി കോളേജ്, വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യമുള്ളതിനാല്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കൂടുതലാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ ഒന്നാം ഘട്ടം അവസാനിക്കുന്നത് കിള്ളിപ്പാലത്താണ്. ഇവിടം മുതല്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയാണ് രണ്ടാം ഘട്ടമായി നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനു പകരം പാളയത്തുനിന്നു കുടപ്പനക്കുന്ന് വരെയുള്ള റൂട്ടിലേക്ക് രണ്ടാം ഘട്ടം നി‌ർമ്മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ തിരുവനന്തപുരം മെട്രോയില്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച 110 ഇലക്ട്രിക് ബസ് സര്‍വീസുകളിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 78,000 വരെ ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. മെട്രോ റെയില്‍ ആരംഭിക്കുമ്പോള്‍ നഗരത്തിലെ തിരക്കിൽ വലഞ്ഞു മടുത്തവർ സ്വന്തം വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുമെന്നാണു കണക്കാക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks