ചെന്നൈ: ദക്ഷിണ റെയിൽവേ ജീവനക്കാരുടെ ഹിതപരിശോധനയിൽ സി.ഐ.ടി.യു. ആഭിമുഖ്യത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയന് (ഡി.ആർ.ഇ.യു.) അംഗീകാരം. നക്ഷത്രം അടയാളത്തിലാണ് ഡി.ആർ.ഇ.യു. മത്സരിച്ചത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഡി.ആർ.ഇ.യു. അംഗീകൃത തൊഴിലാളി യൂണിയൻ ആവുന്നത്. എച്ച്.എം.എസിൻ്റെ ആഭിമുഖ്യത്തിലുള്ള സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ (എസ്.ആർ.എം.യു.) ആണ് അംഗീകാരത്തിനാവശ്യമായ 30 ശതമാനത്തിലേറെ വോട്ടു നേടിയ മറ്റൊരു സംഘടന.
Follow the FOURTH PILLAR LIVE channel on WhatsApp
ഡിസംബർ 4 മുതൽ 6 വരെ നടന്ന റെയിൽവേ അംഗീകൃത യൂണിയനായുള്ള ഹിതപരിശോധനയിൽ 12 ലക്ഷം ജീവനക്കാർ പങ്കാളികളായിരുന്നു. സോൺ അടിസ്ഥാനത്തിലായിരുന്നു ഹിതപരിശോധന. രാജ്യത്ത് 17 റെയിൽവേ സോണുകളാണുള്ളത്. മൊത്തം വോട്ടിന്റെ 30 ശതമാനം ലഭിക്കുന്ന യൂണിയനാണ് അംഗീകാരം ലഭിക്കുക.
33.67 ശതമാനം വോട്ടു നേടിയാണ് ഡി.ആർ.ഇ.യു. തൊഴിലാളി സംഘടന എന്ന നിലയിലുള്ള അംഗീകാരം തിരിച്ചുപിടിച്ചത്. ഡി.ആർ.ഇ.യുവിന് ആർ.എൽ.എൽ.എഫ്., ബി.ആർ.ഇ.എസ്., എ.ഐ.ആർ.ടി.യു. എന്നീ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു.
എസ്.ആർ.എം.യു. ആണ് ഏറ്റവും പിന്തുണയുള്ള തൊഴിലാളി യൂണിയൻ. നിഷ്പക്ഷരായി അറിയപ്പെടുന്ന അവർക്ക് 34 ശതമാനം വോട്ട് ലഭിച്ചു. കോൺഗ്രസിൻ്റെ യൂണിയനായ സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് (എസ്.ആർ.ഇ.എസ്.), പരിവാർ സംഘടനയായ ദക്ഷിൺ റെയിൽവേ കർമചാരി സംഘ് (ഡി.ആർ.കെ.എസ്.)എന്നിവയ്ക്ക് അംഗീകാരം നേടാനായില്ല.
2007ൽ ഡി.ആർ.ഇ.യു. സുപ്രീം കോടതിയിൽ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് റെയിൽവേയിൽ ആദ്യമായി രഹസ്യ ബാലറ്റിലൂടെ ഹിതപരിശോധന നടക്കുന്നതും ഡി.ആർ.ഇ.യു. റെയിൽവേ ജീവനക്കാരുടെ അംഗീകൃത സംഘടനയാകുന്നതും. 2013ലെ രണ്ടാമത്തെ ഹിതപരിശോധനയിൽ ചെറിയ വോട്ടുകൾക്ക് സംഘടനയ്ക്ക് അംഗീകാരം നഷ്ടപ്പെട്ടിരുന്നു. ഇക്കാലയളവിലാണ് കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നടപടികൾ വ്യാപകമായി നടപ്പാക്കിയത്. റെയിൽവേ സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തിയതും ലക്ഷക്കണക്കിന് തസ്തികകൾ ഒഴിച്ചിട്ട് അമിത ജോലിഭാരം അടിച്ചേൽപ്പിച്ചതും പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതുമെല്ലാം.
2019ൽ നടക്കേണ്ട മൂന്നാമത്തെ ഹിതപരിശോധന അനിശ്ചിതമായി നീട്ടുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെയും ഡി.ആർ.ഇ.യു. ഡൽഹി ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തു. ആ ഹിതപരിശോധനയാണ് ഇപ്പോൾ നടന്നത്. റെയിൽവേ സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ഡി.ആർ.ഇ.യു. നടത്തിയിരുന്നത്. ഇതിനുള്ള തൊഴിലാളികളുടെ പിന്തുണയാണ് സംഘടനയ്ക്കുള്ള അംഗീകാരമെന്ന് നേതാക്കൾ പറഞ്ഞു.