Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: പയ്യമ്പള്ളി കൂടല്‍കടവില്‍ ആദിവാസി യുവാവ് മാതനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ 2 പേർ പിടിയിൽ. കണിയാമ്പറ്റ പച്ചിലക്കാട് പുത്തൻ പീടികയിൽ മുഹമ്മദ് അർഷിദ്, കണിയാമ്പറ്റ പച്ചിലക്കാട് പടിക്കം വയൽ കക്കാറയ്ക്കൽ അഭിരാം എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ബസിൽ കൽപറ്റയിലേക്കു വരുന്നതിനിടെയാണ് പ്രതികളെ പിടിച്ചത്. വാഹനം ഓടിച്ചത് അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
പനമരം കുന്നുമ്മൽ വിഷ്ണു, പനമരം താഴെപുനത്തിൽ നബീൽ കമർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ ഉപയോഗിച്ചിരുന്ന കാർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. രാത്രി വൈകിയും ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണു പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർ സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നത് ഹര്‍ഷിദ് ആണെന്ന് കണ്ടെത്തിയിരുന്നു.ഡിജിറ്റല്‍ തെളിവുകളും മറ്റും പൊലീസ് ശേഖരിച്ചിരുന്നു. ഉച്ചയോടെ ഇവരുടെ വീട്ടില്‍ നിന്ന് കാര്‍ കണ്ടെത്തിയെങ്കിലും പ്രതികളെക്കുറിച്ച് വിവരമില്ലായിരിന്നു. ഇവരുടെ മൊബെയില്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് കൂടല്‍ക്കടവ് തടയണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചു പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ മാതൻ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അരക്കിലോമീറ്ററോളമാണ് മാതനെ പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ചത്.