തിരുവനന്തപുരം: കേരളത്തിലെ ആദ്യകാല ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലകനായ ബാലഗോപാലന്‍ തമ്പി (90) അന്തരിച്ചു. അരുമന അമ്മവീട് അംഗമാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
കേരളത്തില്‍ ബാഡ്മിന്റണ് ശാസ്ത്രീയ അടിത്തറ നല്കിയ അദ്ദേഹത്തിന്റെ കളരിയില്‍ കളിച്ചു വളര്‍ന്നവരായി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികവു തെളിയിച്ച ഒട്ടേറെ താരങ്ങളുണ്ട്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ വിമല്‍ കുമാര്‍, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ജോര്‍ജ് തോമസ് എന്നിവര്‍ ആ പട്ടികയിലെ പ്രമുഖരാണ്.
ബാലഗോപാലന്‍ തമ്പിയെ ബാഡ്മിന്റണിലേക്കു നയിച്ചത് കേരളാ സ്‌പോര്‍ട്‌സിന്റെ തലതൊട്ടപ്പനായ കേണല്‍ ജി.വി.രാജയാണ്. കേരളത്തിലെ ആദ്യകാല സീനിയര്‍, ജൂനിയര്‍ ചാമ്പ്യനായിരുന്നു. 1950കളുടെ അവസാനം തുടര്‍ച്ചയായി നാലു തവണ സംസ്ഥാന ചാമ്പ്യനായി. 1960കളുടെ ആദ്യം പട്യാലയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങിയ ആദ്യ മലയാളിയായി.
ഇന്ത്യന്‍ ജൂനിയര്‍ ചാമ്പ്യനായിരുന്ന ജെസി ഫിലിപ്പ്, ദേശീയ തലത്തില്‍ ശ്രദ്ധേയരായ ആന്റോ ഡേവിഡ്, എഡ്വിന്‍ പാദുവ, നൂറിന്‍ പാദുവ, ലതാ കൈലാസ്, ജോയ് വര്‍ഗ്ഗീസ്, യു.സുബ്രഹ്‌മണി, ബാലചന്ദ്രന്‍, എസ്.ജോയി തുടങ്ങിയവരെല്ലാം ബാലഗോപാലന്‍ തമ്പിയുടെ ശിഷ്യരാണ്.
ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ ആദ്യ പരിശീലകനായിരുന്നു. കേരളാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ദീര്‍ഘകാലം പരിശീലകനായിരുന്ന അദ്ദേഹം അവിടെ നിന്നു വിരമിച്ച ശേഷം റീജ്യണല്‍ സ്പോര്‍ട്സ് സെന്ററിന്റെ ഭാഗമായി. ഉദ്യോഗമണ്ഡല്‍ ഫാക്ട് സ്‌കൂള്‍, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ എന്നിവിടിങ്ങളിലും ഒട്ടേറെ താരങ്ങളെ പരിശീലിപ്പിച്ചു. 1960 മുതല്‍ 2010 വരെ അദ്ദേഹം കേരളത്തിലുടനീളം ബാഡ്മന്റണ്‍ രംഗത്ത് നിറഞ്ഞുനിന്നു.
ബാലഗോപാലന്‍ തമ്പി അവിവാഹിതനാണ്. പൂജപ്പുര റോട്ടറി ഓള്‍ഡ് ഏജ് ഹോമിലായിരുന്നു അവസാനകാലം. മൃതദേഹം ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സഹോദരി നളിനിയുടെ വീടായ ഊളമ്പാറ അഭയ നഗര്‍ 127 റോസ് മൗണ്ടില്‍ കൊണ്ടുവരും. ശവസംസ്‌കാരം രാവിലെ 11.30ന് ശാന്തികവാടത്തില്‍.