ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ രണ്ട് സർക്കാർ കോളേജ് അദ്ധ്യാപകരും
പട്ടികയിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരായ മൂന്നു പേർ
തിരുവനന്തപുരം: പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിയിരിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരിൽ മാസംതോറും കൃത്യമായി ശമ്പളം വാങ്ങുന്ന 1,458 സർക്കാർ ജീവനക്കാരും. ധനവകുപ്പിന്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വാങ്ങിയ തുക ഇവരിൽ നിന്ന് പലിശ സഹിതം തിരിച്ചുപിടിക്കാനും സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള കർശനമായ അച്ചടക്ക നടപടി സ്വീകരിക്കാനും ധന മന്ത്രി കെ.എൻ.ബാലഗോപാൽ ഫയലിൽ എഴുതി.
Follow the FOURTH PILLAR LIVE channel on WhatsApp
ഒരു മാസം 23.33 ലക്ഷം രൂപയാണ് സര്‍ക്കാരിന് ഈ തട്ടിപ്പിലൂടെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തെ നഷ്ടം 2.80 കോടി രൂപ വരും. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നതിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരും ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള സ്‌കൂൾ അദ്ധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. ക്ഷേമപെൻഷൻ കൈപ്പറ്റുന്ന രണ്ട് അസിസന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലിചെയ്യുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിലും ജോലിചെയ്യുന്നു. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത്- 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224 പേർ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) 114 പേരും മൃഗസംരണക്ഷ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും ഹോമിയോപ്പതി വകുപ്പിൽ 41 പേരും കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്റ്റീസ് വകുപ്പിൽ 34 പേരും ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ 31 പേരും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ 27 പേരും ഹോമിയോപ്പതി വകുപ്പിൽ 25 പേരും ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു.
വില്പന നികുതി 14, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പോലീസ്, പി.എസ്.സി., ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം 10 വീതം, വനം-വന്യജീവി 9, സഹകരണം 8, നിയമസഭാ സെക്രട്ടറിയറ്റ്, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കണ്ടറി 7 വീതം, സോയിൽ സർവേ, ഫിഷറീസ് 6 വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, അഗ്നിശമന സേന, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറൽ ഓഫീസ് 4 വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യൂസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്, പുരാവസ്തു വകുപ്പ് 3 വീതം, തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, എക്‌ണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ്, ലോ കോളേജുകൾ 2 വീതം, എൻ.സി.സി., ലോട്ടറീസ്, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനിയറിങ്, ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ്, ഡ്രഗ്‌സ് കൺട്രോൾ, പിന്നാക്ക വിഭാഗ വികസനം, കയർ വകിസനം 1 വീതം എന്നിങ്ങനെയാണ് പരിശോധനയിലെ കണ്ടെത്തൽ.
വിവിധതലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധനവകുപ്പ് തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.