തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എം. മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസ്. സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച് സി.പി.എം നല്‍കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 318 (4), 316 (2) എന്നിവ അനുസരിച്ചാണ് കേസ്.
Follow the FOURTH PILLAR LIVE channel on WhatsApp
കഴിഞ്ഞ ഡിസംബര്‍ 1ന് സി.പി.എം. മംഗലപുരം ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മധു പരാജയപ്പെട്ടിരുന്നു. സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ മധു പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സി.പി.എം. മധുവിനെ പുറത്താക്കി. തുടർന്ന് ബി.ജെ.പിയിൽ അംഗത്വമെടുത്ത മധു സംസ്ഥാന സമിതിയംഗമാണ്.
ഏരിയയിലെ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2,500 രൂപ വീതം പിരിച്ച് 3,22,500 രൂപ ലോക്കല്‍ കമ്മിറ്റികൾ വഴി ഏരിയ സെക്രട്ടറിയായ മധുവിന് കൈമാറിയിരുന്നു. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയതായും പറയപ്പെടുന്നു.
ഇതിൻ്റെയൊന്നും കണക്ക് പാർട്ടിയെ ബോധിപ്പിക്കാനോ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട കുടിശ്ശികയുള്ളത് തീർക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. കിട്ടിയ പണം മുഴുവനെടുത്ത് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് ബി.ജെ.പിയിൽ പോയി ചേരുകയായിരുന്നു എന്നാണ് സി.പി.എം. പറയുന്നത്.
പോത്തന്‍കോട് നടന്ന ഏരിയാ സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെയാണ് സി.പി.എം. മംഗലപുരം ഏരിയയുടെ പുതിയ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. മംഗലപുരം ഏരിയയിലെ 10 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മംഗലാപുരം പൊലീസിലും പരാതി നല്‍കി.