തിരുവനന്തപുരം: വയനാട്ടിലെ ഉരുൾ പൊട്ടൽ അതിതീവ്ര ദുരന്തമായി അംഗീകരിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന റവന്യൂ-ദുരന്ത നിവാരണ സെക്രട്ടറി ടിങ്കു ബിസ്വാളിനയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പിലെ ജോയിൻ്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത ഇക്കാര്യമറിയിച്ചത്. കേന്ദ്രത്തിനു മേൽ കേരള സർക്കാർ ചെലുത്തിയ ശക്തമായ സമ്മർദ്ദം ഫലം കാണുന്നതിൻ്റെ ആദ്യ സൂചനയാണ് ഈ കത്ത്.
Follow the FOURTH PILLAR LIVE channel on WhatsApp
മേപ്പാടി ഉരുള്‍പൊട്ടൽ അതിതീവ്ര ദുരന്തമായി അംഗീകരിച്ചിട്ടുണ്ടോ എന്നതിൽ സ്ഥിരീകരണം തേടിക്കൊണ്ട് ടിങ്കു ബിസ്വാൾ ഡിസംബർ 28ന് കേന്ദ്രത്തിലേക്കു കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രം ഇപ്പോൾ വയനാട്ടിലേത് അതിതീവ്രദുരന്തമാണെന്നു സ്ഥിരീകരിച്ചിരിക്കുന്നത്.
അതിതീവ്ര സ്വഭാവത്തിലുള്ള ദുരന്തമാകുമ്പോഴും ഉരുൾപൊട്ടൽ പോലെ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രകൃതി ദുരന്തങ്ങൾക്കുള്ള സാമ്പത്തിക സഹായം സംസ്ഥാനത്തിൻ്റെ തന്നെ നിയന്ത്രണത്തിലുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്.) നിന്നു തന്നെ കണ്ടെത്തണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥാപിത നടപടിക്രമത്തിന് അനുസൃതമായി കേന്ദ്ര മന്ത്രിതല സമിതിയുടെ പരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം കൂടുതൽ സഹായം ആവശ്യമെങ്കിൽ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്.) നിന്ന് അനുവദിക്കുമെന്നും വ്യക്തമാക്കി.
ഇതിനു ശേഷമാണ് വയനാട് ജില്ലയിലെ മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് കേന്ദ്ര മന്ത്രിതല സമിതി അതിതീവ്ര ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ചത്. ഇനി മുതലുള്ള എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി കണക്കാക്കുമെന്നും ഡോ.രാജേഷ് ഗുപ്ത വ്യക്തമാക്കി.
വയനാട് ദുരന്തം സംബന്ധിച്ച് കേന്ദ്രത്തിൻ്റെ ഭാഗത്തു നിന്ന് പാർലമെൻ്റിലടക്കം പല കാര്യങ്ങൾ പറഞ്ഞുവെങ്കിലും അതിനൊരു ഔദ്യോഗിക സ്വഭാവം കൈവരികയോ അനുബന്ധ നടപടികൾ മുന്നോട്ടു നീങ്ങുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തോട് സ്ഥിരീകരണം തേടിയത്.