Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയ്ക്കായി കലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് വിശാല കൊച്ചി വികസന അതോറിറ്റിയും (ജി.സി.ഡി.എ.) സംഘാടകരായ മൃദംഗ വിഷനും തമ്മിലുണ്ടാക്കിയ കരാറിൻ്റെ വിശദാംശങ്ങൾ പുറത്ത്. സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് മൃദംഗ വിഷൻ അനുമതി തേടിയത്. ജി.സി.ഡി.എ. അനുമതി നല്കിയതും അതിനു വേണ്ടി മാത്രമാണ്.

സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് സംഘാടകർ അനുമതി തേടിയിരുന്നില്ല. ഗാലറിയിൽ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജിൽ നിന്ന് വീണാണ് ഉമാ തോമസിന് പരുക്കേറ്റത്. അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജി.സി.ഡി.എ. നിർദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജി.സി.ഡി.എ. നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
അപകടത്തിനു പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തിൽ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് മുൻകൂര്‍ ജാമ്യം തേടി മൃദംഗ വിഷൻ എം.ഡി. നിഗോഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹർജിയിൽ മൃദംഗ വിഷൻ വ്യക്തമാക്കി. അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു.
സംഘാടകരിൽ ഒരാളായ കൃഷ്ണകുമാറിനെ പലാരിവട്ടം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഓസ്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്. കലൂര്‍ സ്റ്റേഡിയത്തിൽ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്.
അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്‍റെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എം.എൽ.എയ്ക്ക് ഉണ്ടായത്. 8 മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കി മറ്റു പരിപാടികൾ നടത്തിയില്ല.എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.