29 C
Trivandrum
Tuesday, March 25, 2025

സനാതനധർമ്മം ബ്രാഹ്മണ കേന്ദ്രീകൃതം; ശിവഗിരി വേദിയിൽ സംഘപരിവാറിനെ പൊളിച്ചുകാട്ടി മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ലോകാസമസ്താ സുഖിനോഭവന്തു എന്ന സനാതനത്വത്തിന്റെ മുദ്രാവാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്‌മണ കേന്ദ്രീകൃത രാഷ്ട്രീയവും ചേര്‍ന്നു പോകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സനാതനഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് ബ്രാഹ്‌മണാധിപത്യത്തിന്റെ പഴയ രാജവാഴ്ചക്കാലമാണെന്നും ഇക്കൂട്ടർക്ക് ജനാധിപത്യം അലർജിയാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന വാദങ്ങളുടെ മുനയൊടിച്ചത്.

സനാതനഹിന്ദുത്വം എന്നത് അതിമഹത്തും അഭിമാനകരവുമായ എന്തോ ഒന്നാണ് എന്നും അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്‌നങ്ങൾക്കും ഉള്ള ഏക പോംവഴി എന്നും ഉള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്. ഇതിന്റെ മുഖ്യ അടയാള വാക്യമായി അവർ ഉയർത്തിക്കാട്ടുന്നത് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആശംസാവാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാവട്ടെ എന്നതാണ് ഇതിന്റെ അർത്ഥം. ഇത് ഒരു വിധത്തിലും എതിർക്കപ്പെടേണ്ടതല്ലല്ലോ. ഏറ്റവും ഉദാത്തമായ ഒരു സങ്കല്പമാണല്ലോ. ലോകത്ത് ഹിന്ദുത്വം മാത്രമല്ലേ ഇത്ര ശ്രേഷ്ഠമായ ഒരു അടയാളവാക്യം മുമ്പോട്ടുവെച്ചിട്ടുള്ളു. ഇതൊക്കെയാണു വാദം. ഈ വാദം ആവർത്തിക്കുന്നവർ ഇതിനു തൊട്ടുമുമ്പുള്ള വരി ബോധപൂർവ്വം മറച്ചുവെക്കുന്നുണ്ട്. ‘ഗോബ്രാഹ്‌മണേഭ്യോ ശുഭമസ്തു നിത്യം’ എന്നതാണ് തൊട്ടുമുമ്പുള്ള ആ വരി. ഗോവിനും, അതായതു പശുവിനും ബ്രാഹ്‌മണനും സുഖമുണ്ടാവട്ടെ എന്നർത്ഥം ചേർത്തുവായിച്ച് അർത്ഥം മനസ്സിലാക്കിയാൽ, പശുവിനും ബ്രാഹ്‌മണനും സുഖമുണ്ടായാൽ ലോകത്തിനാകെ സുഖമായി എന്നാണ് -മുഖ്യമന്ത്രി പറഞ്ഞു.

സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധർമ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് വർണാശ്രമ ധർമ്മമാണ്. ആ വർണാശ്രമ ധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമ്മം.

മതങ്ങൾ നിർവചിച്ചുവെച്ചതേയല്ല ഗുരുവിന്റെ ഈ നവയുഗ ധർമ്മം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നില്ല. സർവമതങ്ങളുടെയും സാരം ഏകമാണ് എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നില്ല. മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത് എന്നതാണ് വ്യക്തമാവുന്നത്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാൻ നിന്നാൽ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാവും.

ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമ ധർമ്മം ഉയർത്തിപ്പിടിച്ചത് കുലത്തൊഴിലിനെയാണ്. ശ്രീനാരായണ ഗുരു കുലത്തൊഴിലിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. ചാതുർവർണ്യ വ്യവസ്ഥ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതന ധർമ്മത്തിന്റെ വക്താവാകില്ല. വർണവ്യവസ്ഥയ്ക്ക് എതിരായ ധർമ്മമാണ് ഗുരു ഉയർത്തിപ്പിടിച്ചതെന്ന് പിണറായി പറഞ്ഞു.

ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളിൽപോലും ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന് സമ്മേളനത്തിൽ സംസാരിച്ച ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർദ്ദേശിച്ചു. ഗുരുദേവൻ ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് ജാതി മത വ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ചതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇപ്പോൾ പല ക്ഷേത്രങ്ങളിലും മറ്റു മതക്കാർക്ക് പ്രവേശനമില്ല. പല ശ്രീനാരായണീയ ക്ഷേത്രങ്ങളും അത് പിന്തുടർന്നു കാണുമ്പോൾ വലിയ ഖേദം തോന്നുന്നുണ്ട്. ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധബുദ്ധി പല ശ്രീനാരായണീയ ക്ഷേത്രങ്ങളും വെച്ചു പുലർത്തുന്നു. ഇത് തിരുത്തിയേ മതിയാകൂ. ശ്രീനാരായണ ഗുരുദേവൻ ക്ഷേത്ര സംസ്കാരത്തെ പരിഷ്കരിച്ച ആളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയിൽ നിന്നുണ്ടായതെന്ന് പിന്നീട് മുഖ്യമന്ത്രിയും പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks