29 C
Trivandrum
Saturday, March 15, 2025

ശ്വാസകോശത്തിൽ ചതവ്, രക്തം കെട്ടിക്കിടക്കുന്നു, ഉമ തോമസ് വെൻ്റിലേറ്ററിൽ തുടരും

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കലൂർ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ ഉമ തോമസ് എം.എൽ.എ. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ. വെൻ്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ കൂടിയിട്ടുണ്ട്. തലയിലെ മുറിവിൽനിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ നടത്തിയ സി.ടി. സ്കാനിൽ തലയുടെ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല എന്നു കണ്ടെത്തി. അതേസമയം, ശ്വാസകോശത്തിനേറ്റ ചതവും അവിടെ രക്തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്.

ശ്വാസകോശത്തിനേറ്റ ചതവ് ഭേദമായാൽ മാത്രമേ ശരീരത്തിലെ മറ്റ് അവയവങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിനു വിശ്രമം അനുവദിക്കുന്നതിനു കൂടിയാണ് വെന്റിലേറ്റർ സൗകര്യം ഉപയോഗിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വെന്റിലേറ്റർ മാറ്റി നോക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ ചതവ് ഭേദമാകുന്നതിനായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. വീഴ്ചയിൽ ശ്വാസകോശത്തിന് ചതവു പറ്റുകയും മൂക്കിൽനിന്നും വായിൽനിന്നുമുള്ള ചോര ശ്വാസകോശത്തിൽ എത്തുകയുമായിരുന്നു. ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് കട്ടപിടിച്ചു കിടന്ന ചോര നീക്കം ചെയ്തെന്നു ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണഗതിയിലേക്ക് കൊണ്ടുവരികയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് ശരിയായാൽ മാത്രമേ തലച്ചോറിന്റെ പരുക്ക് അടക്കം പൂർണമായി ഭേദമാകൂ എന്നും ഡോക്ടർമാർ പറഞ്ഞു.

വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെങ്കിലും ശരീരത്തിൽ ഗുരുതരമായ മറ്റു പരുക്കുകളൊന്നും സ്കാനിങ്ങിൽ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ മെഡിക്കൽ ബോർഡ് രൂപവത്കരിക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധരെ അടക്കം സർക്കാർ കൊച്ചിയിലെ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇവരുമായി കൂടി ചർച്ച ചെയ്താണ് ചികിത്സാരീതികൾ തീരുമാനിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം ഉമ തോമസിന് അപകടം പറ്റിയ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി എഫ്.ഐ.ആർ രജിസ്റ്റ‌ർ ചെയ്തു. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സ്റ്റേജ് കെട്ടിയവർക്കും പരിപാടിയുടെ സംഘാടകർക്കും എതിരെ കേസെടുത്തിട്ടുണ്ട്. ബി.എൻ.എസ്. 125, 125 (ബി), 3(5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. ഉമ തോമസിൻ്റെ പേഴ്സണൽ സ്റ്റാഫിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്.

Recent Articles

Related Articles

Special

Enable Notifications OK No thanks