തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി പടിയിറങ്ങുകയാണ്. 5 വർഷx കാലാവധി കഴിഞ്ഞതാണെങ്കിലും അദ്ദേഹം പുതിയ ഗവർണർ വരുന്നതുവരെ തുടരുകയായിരുന്നു. അദ്ദേഹത്തിൻറെ യാത്രയപ്പ് സംബന്ധിച്ച് രാജ്ഭവൻ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. അതിൽ പറയുന്നത് 29ന് അദ്ദേഹം ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചിയിലേക്ക് പോകുമെന്നും അവിടെ നിന്ന് 3.20ന് ഡൽഹിയിലേക്ക് പോകും എന്നാണ്. അദ്ദേഹത്തിന് രാജ്ഭവൻ ജീവനക്കാർ യാത്രയപ്പ് നൽകും എന്നും ആ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ അതിനുശേഷം ശനിയാഴ്ച മറ്റൊരു വാർത്താക്കുറിപ്പ് വന്നിട്ടുണ്ട്. അതിൽ പറയുന്നത് രാജ്ഭവൻ ജീവനക്കാർ നൽകുന്ന യാത്രയപ്പ് വേണ്ടെന്ന് വെച്ചു എന്നാണ്. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചതിനെത്തുടർന്ന് ദേശീയ തലത്തിൽ ദുഃഖാചരണം നടക്കുന്നതിനാലാണ് യാത്രയപ്പ് പരിപാടി മാറ്റിവെച്ചത് എന്നാണ് ഈ വാർത്താക്കുറിപ്പിൽ പറയുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
നമുക്ക് 5 വർഷം പുറകോട്ട് പോയാൽ ഒരു ഗവർണർ കേരളത്തിൽ നിന്ന് ഇതേപോലെ യാത്രയപ്പും വാങ്ങി പോയിരുന്നു. അദ്ദേഹത്തിന്റെ പേര് പി.സദാശിവം എന്നാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു അദ്ദേഹം. അദ്ദേഹവും കേരളത്തിൽ നിന്ന് ഇതേപോലെ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് പോയിരുന്നു. സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് അദ്ദേഹത്തിന് സ്നേഹോഷ്മള യാത്രയപ്പാണ് നൽകിയത്. മാസ്കട്ട് ഹോട്ടലിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത വിരുന്നോട് കൂടിയാണ് അദ്ദേഹത്തിന് യാത്രയപ്പ് നൽകിയത്. മന്ത്രിമാരും മുഖ്യമന്ത്രിയും വിരുന്ന് കൊടുക്കുകയും ഏറെ നേരം മന്ത്രിമാരും ഗവർണറും ഒരുമിച്ച് ചെലവഴിക്കുകയും ചെയ്ത യാത്രയപ്പ് ആയിരുന്നു എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം ഉണ്ടായിരുന്നു. വിപുലമായ പരിപാടികളോടു കൂടിയാണ് യാത്രയപ്പ് നൽകിയത്. അതിനുശേഷം അദ്ദേഹം പോകുമ്പോൾ വിമാനത്താവളത്തിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോയി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തിരുന്നു.
അത് സംബന്ധിച്ച് ഒരു വാർത്ത അന്ന് മലയാള മനോരമ കൊടുത്ത വാർത്തയുണ്ട് ആ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ് – ഗവർണർ പദം ഒഴിഞ്ഞു സദാശിവം ഇനി വയലിലേക്ക് എന്നാണ്. അത് തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് ഗവർണർ പദവി ഒഴിഞ്ഞു തമിഴ്നാട്ടിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്ന താൻ ഇനി കൃഷിയിലേക്ക് തിരിയുമെന്ന് ജസ്റ്റിസ് പി.സദാശിവം. ഗവർണർ സദാശിവം ഇന്നലെ നാട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന് രാജ്ഭവനിൽ സ്നേഹോഷ്മള യാത്രയപ്പ് നൽകി എന്ന് പറഞ്ഞുകൊണ്ടുള്ള വാർത്ത ഈ വാർത്ത വന്നിരിക്കുന്നത് 2019 സെപ്റ്റംബർ 5നാണ്. അപ്പോൾ ഇന്നലെ എന്ന് വെച്ചാൽ സെപ്റ്റംബർ 4നാണ് അദ്ദേഹത്തിന് യാത്രയപ്പ് നൽകിയത്. അതിൽ ഏറ്റവും അവസാനം പറയുന്ന ഒരു കാര്യമുണ്ട് സ്ഥാനമൊഴിയുന്ന ഗവർണർ പി.സദാശിവത്തിന് വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് എത്തും. രാവിലെ 8.30ന് എയർ ഇന്ത്യയുടെ വിമാനത്തിലാണ് അദ്ദേഹം എത്തുന്നത് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വരുന്നതിന്റെ വാർത്തയും കൊടുത്തിട്ടുണ്ട്. അതോടൊപ്പം മന്ത്രിമാർ ഗവർണറെ സന്ദർശിച്ച് അദ്ദേഹത്തിന് ഉപഹാരം കൊടുത്തതും വിവിധ മന്ത്രിമാർ പോയതും ഒക്കെ ഈ വാർത്തയിൽ വിശദമായി പറയുകയും ചെയ്യുന്നുണ്ട്.

അന്ന് തന്നെ ഗവർണറുടെ യാത്രയപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൂടി വന്നിട്ടുണ്ട് ആ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ് -മതേതരം മൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവർണർ പദവിയിൽ നിന്ന് പടിയിറങ്ങുന്ന പി.സദാശിവം. സാമൂഹികനീതി ലിംഗസമത്വം എന്നിവയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മാതൃകാപരമാണ്. പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ എന്നിവ കേരളത്തെ ബാധിച്ച വേളയിലെല്ലാം സർക്കാരിനൊപ്പം നിന്നു. പരസ്പര ധാരണയോട് കൂടിയ ഒരു സഹോദര ബന്ധമാണ് ഗവർണർ പി.സദാശിവുമായി ഉണ്ടായിരുന്നത്. ദുരിതബാധിതരോട് എപ്പോഴും അദ്ദേഹം സഹാനുഭൂതി പുലർത്തി. സർക്കാരുമായി നല്ല ബന്ധമായിരുന്നു. ഒരിക്കൽ പോലും സംസ്ഥാനവുമായി ഏറ്റുമുട്ടുന്ന സ്ഥിതി ഉണ്ടായിട്ടില്ല. ഭരണഘടനയുടെ മൂല്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് എപ്പോഴും പ്രവർത്തിച്ചത്. അദ്ദേഹം കടന്നുപോയ എല്ലാ മേഖലകളിലും -ജസ്റ്റിസ് മുതൽ ഗവർണർ വരെ വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളികളോടുള്ള സ്നേഹവും മമതയും അടുപ്പവും എപ്പോഴും അനുഭവപ്പെട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ട് ആ പോസ്റ്റ് അങ്ങ് നീളുകയാണ്.
അതിലൊരു ഫോട്ടോയും കൂടി പങ്കുവെച്ചിട്ടുണ്ട് മാസ്കറ്റ് ഹോട്ടലിൽ നൽകിയ യാത്രയപ്പിന്റെ ഫോട്ടോ ആണ്. മുഖ്യമന്ത്രിയുണ്ട്, മുഖ്യമന്ത്രിയുടെ പത്നിയുണ്ട്, ഗവർണർ ഉണ്ട്, ഗവർണറുടെ പത്നിയുണ്ട്, സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉണ്ട്, മന്ത്രിമാരുണ്ട്, അന്നത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുണ്ട്. അങ്ങനെ വിപുലമായ ഒരു യാത്രയേപ്പാണ് അദ്ദേഹത്തിന് നൽകിയത്. എന്തുകൊണ്ടാണ് ആരിഫ് ഖാന് അത്തരമൊരു യാത്രയപ്പ് ലഭിക്കാത്തത്. ദേശീയ ദുഃഖാചരണം ഉണ്ടായതുകൊണ്ടാണ് എന്ന് നമുക്ക് വേണമെങ്കിൽ സാങ്കേതികമായി പറയാം. പക്ഷേ, ദേശീയ ദുഃഖാചരണം ഉണ്ടായിരുന്നു എങ്കിലും പിണറായി വിജയന് ഇതുപോലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാമല്ലോ. മന്ത്രിമാർക്ക് ഇതുപോലെ ഫേസ്ബുക്ക് പോസ്റ്റ് ഇടാമല്ലോ. അതുമാത്രമല്ല കേരളത്തിലെ മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ രാജ്ഭവനിൽ പോയി കാണാമല്ലോ, ഒരു ഉപഹാരം കൊടുക്കാലോ, ഒന്ന് കൈപിടിച്ച് കുലുക്കാലോ, ഒരു ടാറ്റാ പറയാലോ, വിമാനത്താവളത്തിൽ പോയി ഒന്ന് യാത്രയപ്പ് കൊടുക്കാലോ. ഇതൊക്കെ ചെയ്യുന്നതിന് ഔദ്യോഗിക ദുഃഖാചരണത്തിന് യാതൊരു തടസ്സവുമില്ല. അതൊക്കെ നടക്കും ഇനിയിപ്പോ പുതിയ ഗവർണർ വരുമ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പോകും. അദ്ദേഹത്തെ സ്വീകരിക്കും. സ്വീകരിക്കാൻ മാത്രമല്ല അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ചായ സർക്കാർ പങ്കെടുക്കും. അതൊക്കെ നടത്തുന്നതിൽ യാതൊരു തെറ്റുമില്ല അതിന് ഔദ്യോഗിക ദുഃഖാചരണം ഒരു തടസ്സവുമല്ല.
പക്ഷേ, മുഖ്യമന്ത്രി പോകുന്നില്ല. മന്ത്രിമാർ പോകുന്നില്ല. ഉയർന്ന ഉദ്യോഗസ്ഥർ പോകുന്നില്ല. അത്രമാത്രം വെറുപ്പിച്ചിട്ടുണ്ട് നമ്മുടെ ഗവർണർ ആരിഫ് ഖാൻ. എന്തിനേറെ പറയുന്നു, അദ്ദേഹം കൊണ്ടിരുത്തിയ വൈസ് ചാൻസലർമാരുണ്ട്. അവർ രഹസ്യമായി ഇരിപ്പോൾ ഗവർണറെ പോയി കണ്ടിട്ടുണ്ടോ എന്നറിയില്ല. പോയ വാർത്തകൾ ഒന്നും ഔദ്യോഗികമായി ഇതുവരെയും പുറത്തുവന്നിട്ടില്ല. രാജ്ഭവൻ അറിയിക്കുകയും ചെയ്തിട്ടില്ല. ഏതായാലും മന്ത്രിമാർ പോയിട്ടില്ല എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മന്ത്രിമാർ പോകില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല രാജ്ഭവന്റെ ഭാഗത്തേക്ക്. അദ്ദേഹം വരുകയോ പോവുകയോ ചെയ്യട്ടെ എന്ന നിലപാടാണ് കേരളത്തിലെ സർക്കാരിനുള്ളത്. അതുകൊണ്ട് അദ്ദേഹം പൂർണമായും ഒറ്റയ്ക്ക് തന്നെ വിമാനത്താവളത്തിൽ പോകുന്നു. അവിടുന്ന് കൊച്ചിയിലേക്ക് പോകുന്നു. കൊച്ചിയിൽ നിന്ന് വിമാനം കയറി ഡൽഹിയിൽ പോകുന്നു. ഡൽഹിയിൽ നിന്ന് അദ്ദേഹം ബിഹാറിലേക്ക് പോകുന്നു. ബിഹാർ ഗവർണർ ആയിട്ടാണ് അദ്ദേഹത്തിന്റെ പുതിയ ചുമതല. ആരും അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല എന്തുകൊണ്ടാണ് അത്രമാത്രം പാതകം സർക്കാരിനോട്, കേരളത്തിലെ ജനങ്ങളോട് അദ്ദേഹം ചെയ്തിട്ടുണ്ട്. സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ അദ്ദേഹം നടത്തിയ ശ്രമം എസ്.എഫ്.ഐയുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് എത്തിച്ചു. തെരുവിൽ വരെ സംഘർഷം ഉണ്ടാകുന്ന അവസ്ഥ. ഞാൻ ഇവിടെ തന്നെയുണ്ട് എന്ന് സ്ഥാപിച്ചെടുക്കാൻ മിഠായി തെരുവിലൂടെ അദ്ദേഹം നടത്തിയ ഒരു യാത്ര, ധൈര്യമുണ്ടെങ്കിൽ എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യൂ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ നടപ്പ് -ഇതൊക്കെ ഒരു ഗവർണർ, ഒരു ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ ചെയ്യേണ്ടതാണോ എന്ന ചോദ്യമാണ് ഉയർന്നത്. വിദ്യാർത്ഥികൾ ഒട്ടിച്ച പോസ്റ്റർ പറിക്കാൻ അല്ലെങ്കിൽ വിദ്യാർത്ഥികൾ കെട്ടിയ ബാനർ പറിക്കാൻ ഒക്കെ അദ്ദേഹം ക്യാമ്പസിലൂടെ നടന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നാം കണ്ടതാണ്. എന്തൊക്കെ കോപ്രായങ്ങളാണ് അദ്ദേഹം കാട്ടിക്കൂട്ടിയത്.
കേരളത്തിലെ സർവ്വകലാശാലകൾ ഇന്ന് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സർവ്വകലാശാലകൾ ദേശീയതലത്തിൽ മാത്രമല്ല അല്ല അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദേശത്തുനിന്ന് വിദ്യാർത്ഥികൾ പഠിക്കാൻ കേരളത്തിലേക്ക് വരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പഠിക്കാൻ കേരളത്തിലേക്ക് വരുന്നു. അങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നല്ലൊരു മാറ്റം ദൃശ്യമാണ്. അതിനെ തല്ലിക്കെടുക്കാൻ ശ്രമിച്ച ഗവർണർ സംഘപരിവാറുകാരനെ വൈസ് ചാൻസലറായി നിർത്തിക്കൊണ്ട് സർവ്വകലാശാലകളുടെ സുഗമമായി മുന്നോട്ടുപോകുന്ന പ്രവർത്തനത്തെ തടയുന്നതിനു വേണ്ടി ശ്രമിച്ച വ്യക്തി. അങ്ങനെയുള്ള ഒരാളെ കേരളത്തിൻറെ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക്, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പോയി കാണാൻ കഴിയുമോ? ടാറ്റാ പറയാൻ കഴിയുമോ? കഴിയില്ല. അതുതന്നെയാണ് സംഭവിച്ചത്. ഇനി വരുന്ന ഗവർണറും അതുപോലെയാണെങ്കിൽ ഇതേ നിലപാട് തന്നെയായിരിക്കും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം, ബി.ജെ.പി. നേതാക്കൾ പോലും യാത്രയപ്പിൽ പങ്കെടുത്തിട്ടില്ല. ഒരു യാത്രയപ്പ് നൽകുക പോയിട്ട് ഒന്ന് കാണാൻ, കൈപിടിച്ചു കുലുക്കാൻ, കേരളത്തിൽ നിന്ന് ഒരു ബി.ജെ.പി. നേതാവു പോലും രാജ്ഭവനിലേക്ക് പോയില്ല. കേന്ദ്രമന്ത്രിമാർ ഉണ്ട്. അവർ പോലും പോയില്ല എന്നുകൂടി ഓർക്കണം. എന്നുവെച്ചാൽ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കാതെ പച്ച രാഷ്ട്രീയം കളിച്ചാൽ സ്വാഭാവികമായി എല്ലാവരിൽ നിന്നും ഒറ്റപ്പെടും. അതുതന്നെയാണ് ആരിഫ് മുഹമ്മദ് ഖാന് ഇപ്പോൾ സംഭവിച്ചതും.