ഹൈദരാബാദ്: 8ാം തവണ ദേശീയ ഫുട്ബോൾ കിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് ‘സന്തോഷം’ ഇല്ലാത്ത മടക്കം. ബംഗാളിന് ആഘോഷത്തിൻ്റെ പുതുവർഷരാവ്.
ചൊവ്വാഴ്ച നടന്ന ഫൈനലിൽ പശ്ചിമ ബംഗാൾ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തെ മറികടന്നു. കളിയവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഇഞ്ചുറി ടൈമിലായിരുന്നു കേരളത്തിനു പരിക്കേല്പിച്ച വിജയഗോൾ പിറന്നത്. റോബി ഹൻസ്ദയാണ് ബംഗാളിൻ്റെ വിജയശില്പി. 12 ഗോളുകളുമായി ഹൻസ്ദ ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡൺ ബൂട്ടും സ്വന്തമാക്കി.
ബംഗാളിൻ്റെ നീക്കത്തോടെയാണ് മത്സരം തുടങ്ങിയത്. ക്രമേണ കേരളവും കളം പിടിച്ചു. ഇരു പകുതികളിലും ആക്രമണത്തില്‍ മുന്നിട്ടു നിന്ന കേരളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. കേരളം ആക്രമിച്ചു കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനായിരുന്നു ബംഗാളിന്‍റെ ശ്രമം. പലതവണ ബംഗാള്‍ കേരളത്തിന്‍റെ ഗോള്‍മുഖത്തെത്തിയെങ്കിലും കേരള ഗോള്‍ കീപ്പര്‍ എസ്.ഹജ്മലിന്‍റെ മികവില്‍ അതൊക്കെ കേരളം അതിജീവിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കേരള ബോക്സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്‍കിയ പന്ത് കാലിലൊതുക്കി ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ പോയന്‍റ് ബ്ലാങ്കില്‍ നിന്ന് ഹൻസ്ദ കേരളത്തിൻ്റെ വലകുലുക്കി. വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധമാണ് ഇരു ടീമുകളും ഫൈനലിൽ പുറത്തെടുത്തത്. എന്നാൽ കേരളത്തിൻ്റെ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ഹൻസ്ദ ബംഗാളിൻ്റെ വിജയഗോൾ നേടിയതെന്നത് വിരോധാഭാസം.
നിശ്ചിത 90 മിനിറ്റുകൾ കഴിഞ്ഞ് 12 മിനിറ്റായിരുന്നു ഇഞ്ചുറി ടൈം. ശരിക്കും കളി നടന്നത് ഇഞ്ചുറി ടൈമിലായിരുന്നു താനും. ഇഞ്ചുറി ടൈം 4 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു ഹൻസ്ദയുടെ ഗോൾ. 8ാം മിനിറ്റിൽ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജുവിൻ്റെ ഷോട്ട് പുറത്തേക്ക് പോയി.
2022ല്‍ മഞ്ചേരിയില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തങ്ങളെ വീഴ്ത്തി ചാമ്പ്യൻമാരായ കേരളത്തോടുള്ള മധുര പ്രതികാരം കൂടിയായി ബംഗാളിന്‍റെ വിജയം. 46 തവണ ഫൈനൽ കളിച്ച ബംഗാളിൻ്റെ 33ാം കിരീടം. 16ാം ഫൈനൽ കളിച്ച കേരളത്തിന് നിരാശ ബാക്കിയാവുന്നത് 9ാം തവണ.