ന്യൂഡൽഹി: കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്കു മാറ്റി. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറാണ് കേരളത്തിൻ്റെ 23ാമത് ഗവർണർ. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡീഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
സെപ്റ്റംബര്‍ 5നാണ് ആരിഫ് ഖാന്‍ കേരള ഗവര്‍ണര്‍ സ്ഥാനത്ത് 5 വര്‍ഷം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ആരിഫ് ഖാന്റെ മാറ്റം.
കടുത്ത ആർ.എസ്.എസ്. പ്രവര്‍ത്തകനായ രാജേന്ദ്ര ആര്‍ലേകര്‍ ഗോവയില്‍ നിന്നുള്ള നേതാവാണ്. 3 ദിവസം മുമ്പു നടത്തിയൊരു പ്രസംഗം വിവാദത്തിലായ പശ്ചാത്തലത്തിലാണ് അദ്ദേഹം ബിഹാറിൽ നിന്നു കേരളത്തിലേക്കു സ്ഥലം മാറി വരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സത്യാഗ്രഹത്തിൻ്റെ ഫലമായല്ല മറിച്ച് ഇന്ത്യക്കാർ സായുധസമരത്തിനൊരുങ്ങിയതും അവർ സ്വാതന്ത്ര്യം നേടുന്നതിനായി ഏതറ്റം വരെയും പോകുമെന്നു കോളനി ഭരണാധികാരികൾക്ക് ബോധ്യമായതിനാലാണെന്നുമായിരുന്നു പ്രസംഗം. ഗാന്ധിജിയെ അപമാനിക്കുന്നതാണ് ആർലേകറിൻ്റെ പ്രസംഗം എന്ന പേരിലാണ് വിവാദം.
1954 ഏപ്രിൽ 23ന് പനാജിയിൽ വിശ്വനാഥ് ആർലേകറുടെയും തിലോത്തമയുടയും മകനായി രാജേന്ദ്ര ആർലേകർ ജനിച്ചു. കുട്ടിക്കാലം മുതൽ തന്നെ സംഘവുമായി അദ്ദേഹം ബന്ധപ്പെട്ടു. ബി.കോം ബിരുദധാരിയായ അദ്ദേഹം 1980കൾ മുതൽ ഗോവ ബി.ജെ.പിയിലെ സജീവ സാന്നിദ്ധ്യമാണ്. ബി.ജെ.പി. ഗോവ ഘടകം ജനറൽ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപറേഷൻ ചെയർമാൻ, ഗോവ സംസ്ഥാന പട്ടികജാതി മറ്റു പിന്നാക്ക വിഭാഗ ധനകാര്യ കോർപറേഷൻ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.
2002-07ലും 2012-17ലും ഗോവ നിയമസഭാംഗമായി. 2012-15 കാലത്ത് ഗോവ നിയമസഭാ സ്പീക്കറായി പ്രവർത്തിച്ചു. ഗോവ നിയമസഭയെ കടലാസ് രഹിതമായ ആദ്യ നിയമസഭയാക്കി എന്ന ബഹുമതി അദ്ദേഹത്തിനുണ്ട്. 2014ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോൾ പകരം ഗോവ മുഖ്യമന്ത്രിയായി ആർലേക്കറെ പരിഗണിച്ചിരുന്നുവെങ്കിലും പകരം ലക്ഷ്മികാന്ത് പർസേക്കറിനെയാണ് ആ സ്ഥാനത്ത് പാർട്ടി തിരഞ്ഞെടുത്തത്. 2015ൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ വനം-പരിസ്ഥിതി മന്ത്രിയായി ആർലേക്കർ നിയമിതനായി.
കഴിഞ്ഞ വര്‍ഷമാണ് ആര്‍ലേകര്‍ ബിഹാറില്‍ ഗവര്‍ണറായി ചുമതലയേറ്റത്. 2021-23 കാലത്ത് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതാസ്വാദകനായ ആര്‍ലേകര്‍ സൗമ്യമായ വ്യക്തിത്വത്തിനുടമയായാണ് അറിയപ്പെടുന്നത്. ക്രൈസ്തവ സഭകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഗോവയില്‍ അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവു കൂടിയാണ്. അനഘയാണ് രാജേന്ദ്ര ആർലേകറുടെ ഭാര്യ. രണ്ടു മക്കളുണ്ട്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കുള്ള മാറ്റം. ഈ മാറ്റത്തിന് രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടെന്ന വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്
മിസോറാം ഗവര്‍ണര്‍ ഡോ.ഹരി ബാബു കമ്പംപതിയെ ഒഡീഷ ഗവര്‍ണറായി നിയമിച്ചു. കേന്ദ്ര സഹമന്ത്രിയായും കരസേനാ മേധാവിയായും മുമ്പ് പ്രവർത്തിച്ച ജനറല്‍ വി.കെ.സിങ്ങ് മിസോറാം ഗവര്‍ണറാവും. ആഭ്യന്തര സെക്രട്ടറിയായിരുന്ന അജയ് കുമാര്‍ ഭല്ലയാണ് മണിപ്പുരിന്‍റെ പുതിയ ഗവര്‍ണര്‍.