Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാനുള്ള ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെ.പി.സി.) ലോക്സഭയിൽനിന്നുള്ള 21 പേരുടെ പട്ടികയിൽ പ്രിയങ്ക ഗാന്ധിയെ ഉൾപ്പെടുത്തി. സുപ്രിയ സുലെ, അനുരാഗ് ഠാക്കൂർ, പുരുഷോത്തം രൂപാല തുടങ്ങിയവരും സമിതിയിലുണ്ട്.
31 അംഗ സമിതിയിൽ രാജ്യസഭയിൽനിന്നു 10 പേർ കൂടിയുണ്ടാകും. ഇവരുടെ പട്ടിക പുറത്തുവന്നിട്ടില്ല. ലോക്സഭയിൽ നിന്നുള്ള പ്രതിനിധികളിൽ ഇടതുപക്ഷത്തു നിന്ന് ആരും ഉൾപ്പെട്ടിട്ടില്ല.
ലോക്സഭയിൽനിന്നുള്ള 21 പേരിൽ 14 പേർ ഭരണപക്ഷത്തുനിന്നും 7 പേർ പ്രതിപക്ഷത്തുനിന്നുമാണ്. ബി.ജെ.പിക്ക് 10 അംഗങ്ങളുള്ളപ്പോൾ കോൺഗ്രസിന് 3 പേരാണുള്ളത്. ബി.ജെ.പി. അംഗം പി.പി.ചൗധരി സമിതി അധ്യക്ഷനായേക്കും. രാജ്യസഭയിൽനിന്നു രൺദീപ് സുർജേവാല (കോൺഗ്രസ്), സാകേത് ഗോഖലെ (തൃണമൂൽ കോൺഗ്രസ്) തുടങ്ങിയവർ അംഗങ്ങളായുണ്ടാവുമെന്നാണ് സൂചന.
ലോക്സഭയിൽനിന്നുള്ള അംഗങ്ങൾ
- ഭരണപക്ഷം: പി.പി.ചൗധരി, സി.എം.രമേഷ്, ബാൻസുരി സ്വരാജ്, പുരുഷോത്തം രൂപാല, അനുരാഗ് ഠാക്കൂർ, വിഷ്ണുദയാൽ റാം, ഭർതൃഹരി മെഹ്താബ്, സംബിത് പത്ര, അനിൽ ബലൂനി, വിഷ്ണു ദത്ത് ശർമ (ബി.ജെ.പി.), ജി.എം.ഹരീഷ് ബാലയോഗി (ടി.ഡി.പി.), ശ്രീകാന്ത് ഷിൻഡെ (ശിവസേന-ഷിൻഡെ), ചന്ദൻ ചൗഹാൻ (ആർ.എൽ.ഡി.), ബാലാഷോരി വല്ലഭാനേനി (ജനസേന പാർട്ടി).
- പ്രതിപക്ഷം: പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്ദേവ് ഭഗത് (കോൺഗ്രസ്), ധർമേന്ദ്ര യാദവ് (എസ്.പി.), കല്യാൺ ബാനർജി (തൃണമൂൽ കോൺഗ്രസ്), ടി.എം.സെൽവഗണപതി (ഡി.എം.കെ.), സുപ്രിയ സുലെ (എൻ.സി.പി. ശരദ് പവാർ).