ചെന്നൈ: തമിഴ്‌നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവും പിഴയും വിധിച്ച് കോടതി. ഡി.എം.കെ. നേതാവ് കനിമൊഴിയെ അപമാനിച്ച് സംസാരിച്ച കേസിലും പെരിയാർ പ്രതിമ തകർക്കണമെന്ന് പറഞ്ഞ കേസിലുമാണ് രാജയ്ക്ക് കോടതി ശിക്ഷവിധിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
എം.പി.മാരും എം.എൽ.എ മാരുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഇരു കേസുകളിലുമായി 6 മാസം തടവും പിഴയും വിധിച്ചത്. 2018ൽ നടന്ന സംഭവത്തിൽ ഡി.എം.കെ. കണിയൂർ പഞ്ചായത്ത് സെക്രട്ടറി കെ.വേലുസാമിയും തന്തൈ പെരിയാർ ദ്രാവിഡാർ കഴകവും (ടി.പി.ഡി.കെ) നൽകിയ പരാതിയിൽ ഈറോഡ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2018ൽ തന്നോട് അനുചിതമായി പെരുമാറിയ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ നടപടി അപലപിച്ച വനിതാ മാധ്യമപ്രവർത്തകയെ പിന്തുണച്ചതിനാണ് കനിമൊഴിയെ രാജ കടന്നാക്രമിച്ചത്. ‘ഗവർണറെ ചോദ്യം ചെയ്ത പോലെ, അവിഹിത ബന്ധത്തിൽ നിന്നുള്ള തന്റെ അവിഹിത സന്തതിയെ ഒരു രാജ്യസഭാ എം.പിയെ സൃഷ്ടിച്ച നേതാവിനെ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യുമോ? ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗർ രമേഷിന്റെയും പേരാമ്പ്ര സാദിഖ് ബാഷയുടെയും ഓർമ്മകൾ അവരെ വേട്ടയാടും.’ ഇതായിരുന്നു രാജയുടെ ട്വീറ്റ്. മറ്റൊരു ട്വീറ്റിൽ നിരീശ്വരവാദിയായ പെരിയാറിന്റെ പ്രതിമകൾ തകർക്കണമെന്നു പറഞ്ഞ രാജ, പെരിയാർ കടുത്ത ജാതിഭ്രാന്തനാണെന്നും ആക്ഷേപിച്ചു.
കനിമൊഴിയെ അപമാനിച്ചു സംസാരിച്ചുവെന്നതിന്റെ പേരിൽ 2,000 രൂപയും പെരിയാർ പ്രതിമ സംബന്ധിച്ച പരാമർശത്തിൽ 3,000 രൂപയുമാണ് പിഴ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടു തവണ രാജ കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും അത് തള്ളുകയായിരുന്നു.