തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നാണ് കേരളത്തിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമൂലം കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടി, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അവധി. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാദ്ധ്യതയാണ് അതീതീവ്ര മഴ പ്രവചിക്കപ്പെട്ടിട്ടുള്ള റെഡ് അലർട്ട് ജില്ലകളിൽ നിലനിൽക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്് നല്കി. ജലാശങ്ങളിൽ ഇറങ്ങുന്നതും കടൽത്തീര വിനോദ സഞ്ചാരവും വിലക്കി. തിരുവനന്തപുരം കോവളം തീരത്ത് ശക്തമായ തിരയടിയുളളതിനാൽ കടലിൽ ഇറങ്ങുന്നതിൽ നിന്ന് സഞ്ചാരികളെ വിലക്കി. കേരളതീരത്ത് ഡിസംബർ 4 വരെയും ലക്ഷദ്വീപ് തീരത്ത് ഡിസംബർ 5 വരെയും മൽസ്യബന്ധനവും വിലക്കിയിട്ടുണ്ട്.
നിലവിൽ പുതുച്ചേരിക്കും വടക്കൻ തമിഴ് നാടിനും മുകളിലാണ് ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. അടുത്ത ആറ് മണിക്കൂറിൽ അതിതീവ്ര ന്യൂനമർദമായി ശക്തികുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.