പത്തനംതിട്ട: ചുട്ടിപ്പാറ എസ്.എം.ഇ. നഴ്‌സിങ് കോളജ് വിദ്യാർഥിനി അമ്മു എ.സജീവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്നു സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ കുടുംബം ആരോപണമുന്നയിച്ച മൂന്നു പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തുമെന്നും എഫ്.ഐ.ആറിൽ മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശിനികളും ഒരാൾ പത്തനാപുരം സ്വദേശിനിയുമാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു. സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോളേജ് അധികൃതർ ഇടപെട്ടില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവർത്തിക്കുന്നത്.
അമ്മു കെട്ടിടത്തിൽ നിന്നു ചാടിയെന്ന് നാലരയോടെ വിദ്യാർഥിനികൾ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളേജിൽനിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. 2.6 കിലോമീറ്റർ ദൂരമാണ് ജനറൽ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാൻ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണ്. ഒരു മണിക്കൂർ 37 മിനിറ്റ് ആശുപത്രിയിൽ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാൽ 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചെന്നും പറയുന്നു. ഇതിനു തടസ്സം നിന്നത് ആരെന്നു കണ്ടെത്തണമെന്നും മാതാപിതാക്കൾ പറഞ്ഞു.
അമ്മുവിൻറെ സഹോദരൻ അഖിലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിൻറെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത കാരണമായി.