29 C
Trivandrum
Friday, April 25, 2025

ഇ.പി.ജയരാജന്റെ ആത്മകഥാവിവാദം: രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും

Follow the FOURTH PILLAR LIVE channel on WhatsApp 

കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഇ.പി.ജയരാജനും ഡി.സി. ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.

വിഷയത്തില്‍ പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇ.പി. ജയരാജന്റെ മൊഴിയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മൊഴി നല്‍കാനായി ഇ.പി. കൂടുതല്‍ സമയം തേടിയിട്ടുണ്ട്.

ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാറിനെ സംബന്ധിച്ച് ഡി.സി. ബുക്സിലെ രണ്ട് ജീവനക്കാരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന മൊഴിയാണ് ഈ ജീവനക്കാര്‍ നല്‍കിയതെന്നാണ് വിവരം. രവി ഡി.സിയില്‍ നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം തേടാനാണ് പൊലീസിന്റെ തീരുമാനം.

പുസ്തകത്തിന്റെ 178 പേജുകളും ഉള്‍പ്പെടുന്ന പി.ഡി.എഫ്. ഫയല്‍ ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ജയരാജന്‍ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചിരുന്നു. പി.ഡി.എഫ്. ഫയല്‍ ചോര്‍ന്നതിനേ കുറിച്ചും പൊലീസ് അന്വേഷണം നടത്തും. മാധ്യമപ്രവര്‍ത്തകരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പി.ഡി.എഫ്. ആര്‍ക്കൊക്കെ എവിടെ നിന്ന് ലഭിച്ചു എന്നുള്ളത് കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.

ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന്‍ ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാമിന് കൈമാറിയിരിക്കുകയാണ്. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇ.പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

 

Recent Articles

Related Articles

Special

Enable Notifications OK No thanks