29 C
Trivandrum
Saturday, April 26, 2025

നവീനിന്റെ കുടുംബം കളക്ടർക്കെതിരെ തിരിഞ്ഞതിന് കാരണമുണ്ട്; ഇരുവരും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ജീവനക്കാരുടെ മൊഴി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന് കണ്ണൂർ കളക്ടർ അരുൺ കെ.വിജയനുമായി നല്ല ബന്ധമല്ലായിരുന്നുവെന്ന് ജീവനക്കാരുടെ നിർണായക മൊഴി. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ കെ.ഗീതയ്ക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. തെറ്റുപറ്റിയെന്ന് നവീൻബാബു തന്നെ വന്നു കണ്ടു പറഞ്ഞുവെന്ന കളക്ടറുടെ വാദങ്ങളെ തള്ളുന്നതാണ് ജീവനക്കാരുടെ മൊഴി.

കളക്ടറുമായി എ.ഡി.എം. ഒരിക്കലും നല്ലബന്ധം സൂക്ഷിച്ചിരുന്നില്ലെന്ന് ജീവനക്കാർ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബു കണ്ണൂരിൽ എ.ഡി.എമ്മായി ജോലിയിൽ പ്രവേശിച്ച ദിവസം അരമണിക്കൂർ വൈകിയതിന് കളക്ടർ മെമോ നൽകിയിരുന്നുവെന്നാണ് നിർണായക മൊഴി. അന്നുമുതൽ ഇരുവരും അകൽച്ചയിലായിരുന്നു.

അവധി നൽകുന്നതിൽ കളക്ടർ സ്വീകരിച്ചിരുന്ന സമീപനം എ.ഡി.എമ്മിന് മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. ഞായാറാഴ്ച പോലും ഡ്യൂട്ടിക്ക് എത്താൻ നിർദേശിച്ചിട്ടുണ്ട്. കളക്ടറോട് സംസാരിക്കാൻ പോലും താൽപര്യമില്ലായിരുന്നു. എ.ഡി.എം. പല ദിവസങ്ങളിലും ദുഃഖിതനായിരുന്നുവെന്നും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

നവീൻ ബാബുവിനൊപ്പമായിരുന്നു താനെന്ന് കലക്ടറുടെ വാദങ്ങളെ പൊളിക്കുന്നതാണ് റവന്യൂ വകുപ്പിനെ അന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന മൊഴികൾ. യാത്രയപ്പിന് ശേഷം എ.ഡി.എം. സ്വമേധയാ കളക്ടറെ കാണുകയായിരുന്നില്ല, മറിച്ച് കളക്ടർ വിളിച്ചുവരുത്തുകയായിരുന്നവെന്ന് സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്. ഈ കൂടിക്കാഴ്ചയിൽ നടന്ന എന്തെങ്കിലും കാര്യമാണോ നവീൻ ബാബുവിനെ ജീവനൊടുക്കാൻ നിർബന്ധിതനാക്കിയത് എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്.

കളക്ടറുമായി തന്റെ ഭർത്താവിന് ഒരു തരത്തിലുള്ള ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നേരത്തേ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ‘തനിക്ക് തെറ്റുപറ്റി’ എന്ന് നവീൻ ബാബു വെളിപ്പെടുത്തി എന്ന കളക്ടറുടെ മൊഴി പുറത്തുവന്ന ഘട്ടത്തിലാണ് അത്തരം വെളിപ്പെടുത്തൽ നടത്താനുള്ള ആത്മബന്ധമല്ല അവർ തമ്മിലുള്ളതെന്ന് മഞ്ജുഷ പറഞ്ഞത്. അവർ അന്നു പറഞ്ഞതിനെ ശരിവെയ്ക്കുന്നതാണ് കണ്ണൂർ കളക്ടറേറ്റിലെ ജീവനക്കാർ റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ നൽകിയിരിക്കുന്ന മൊഴി.

മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലെത്തിയ കളക്ടർ അരുൺ കെ.വിജയനെ നവീൻ ബാബുവിന്റെ കുടുംബം അകറ്റിനിർത്തിയിരുന്നു. നവീൻ ബാബു ജീവിച്ചിരുന്നപ്പോൾ കളക്ടർ അദ്ദേഹത്തിനു നേരെ സ്വീകരിച്ചിരുന്ന മോശം നിലപാടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നതിനാലാണ് കുടുംബം അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks