29 C
Trivandrum
Tuesday, March 25, 2025

ആ തലയെടുപ്പ് ഇനിയില്ല; മേഘനാഥം നിലച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: മലയാള സിനിമയിൽ തലയെടുപ്പോടെ തിളങ്ങി നിന്ന നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയലായിരുന്നു. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടൻ ബാലൻ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.

തിരുവനന്തപുരത്തു ജനിച്ച മേഘനാദന്റെ പ്രാഥമിക വിദ്യാഭ്യാസം ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ നിന്നായിരുന്നു. കോയമ്പത്തൂരിൽനിന്ന് ഓട്ടമൊബീൽ എൻജീയറിങ്ങിൽ ഡിപ്ലോമ നേടി. തുടർന്നാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്.

1983ൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത അസ്ത്രം എന്ന ചിത്രത്തിൽ സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമ ജീവിതം ആരംഭിക്കുന്നത്. ഈ പുഴയും കടന്ന് എന്ന സിനിമയിലെ രഘുവും ഒരു മറവത്തൂർ കനവിലെ ഡ്രൈവർ തങ്കപ്പനും ചന്ദ്രനുദിക്കുന്ന ദിക്കിലെ തിമ്മയ്യയും മേഘനാഥന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു.

വില്ലൻ വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ക്യാരക്ടർ വേഷങ്ങൾ ലഭിച്ചപ്പോൾ അത് അസാധാരണ മികവോടെ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലേത്. രാജേന്ദ്രൻ എന്ന ആ കഥാപാത്രം പ്രേക്ഷകരെ കരയിപ്പിച്ചു. ശേഷം സൺഡേ ഹോളിഡേ, ആദി തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പഞ്ചാഗ്‌നി, ഉയരങ്ങളിൽ, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. 2022ൽ ആസിഫ് അലി നായകനായ ജിത്തു ജോസഫ് സിനിമ കൂമനാണ് മേഘനാഥൻ അഭിനയിച്ച് തിയേറ്ററിൽ എത്തിയ അവസാന ചിത്രം. 40 കൊല്ലത്തോളം നീണ്ട അഭിനയജീവിതത്തിൽ 50ലധികം സിനിമകളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.

കടലോളം എന്ന മ്യൂസിക്കൽ ഹ്രസ്വചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സിനിമയ്‌ക്കൊപ്പം കൃഷിയെയും ഇഷ്ടപ്പെട്ടിരുന്ന മേഘനാദൻ മികച്ച കർഷകൻ കൂടിയായിരുന്നു. ഭാര്യ സുസ്മിത, മകൾ പാർവതി.

Recent Articles

Related Articles

Special

Enable Notifications OK No thanks