ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ തന്നെ ഇതിനുള്ള അപേക്ഷ ഐ.സി.സി. ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ മുന്നോട്ടുവെച്ചിരുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
ഹമാസ് സൈനിക വിഭാഗം തലവനാണ് മുഹമ്മദ് ദെയ്ഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി. ഓഗസ്റ്റില്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇദ്ദേഹത്തെ വധിച്ചുവെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഹമാസ് ഇത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉള്‍പ്പെടെ അവരുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കള്‍ ബോധപൂര്‍വം നിഷേധിച്ചെന്ന് ഐ.സി.സിയുടെ ചേംബര്‍ വിലയിരുത്തി. തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിക്കാനുള്ള ഏകകണ്ഠമായ തീരുമാനമുണ്ടായത്.
ഇസ്രായേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ ആശങ്കയുണയര്‍ത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും ഗാസയില്‍ നിരവധി സാധാരണക്കാര്‍ക്ക് പരുക്കേല്ക്കുന്നതിലേക്കും കൊല്ലപ്പെടുന്നതിലേക്കും നയിച്ച വലിയ തോതിലുള്ള ബോംബാക്രമണവുമെല്ലാം ഐ.സി.സിയുടെ പരിഗണനയിലുണ്ടായിരുന്നു.