കൊച്ചി: ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡി.ജി.പിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവായി.
Follow the FOURTH PILLAR LIVE channel on WhatsApp
മല്ലപ്പളളി പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. സംസ്ഥാന പൊലീസ് അന്വേഷണം അപൂർണമാണ്. അത് ശരിയായ വിധത്തിൽ ഉളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി.
പ്രസംഗത്തിൻറെ ഫോറൻസിക് റിപ്പോർട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ഒട്ടും ശരിയായില്ല. പ്രസംഗത്തിന്റെ ദൃശ്യവും ശബ്ദസാമ്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോർട്ടിന്റെ ഭാഗമായില്ല. സാക്ഷി മൊഴികൾ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായില്ല. വസ്തുതകൾ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോർട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ല. റിപ്പോർട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടൈാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാൻ നിർദേശിച്ചത്.
മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന് പ്രഥമദൃഷ്ടാ തോന്നുന്നതിനാലാണ് വിശദമായ തുടരന്വേഷണത്തിന് നിർദേശിക്കുന്നതെന്നും ഉത്തരവിലുണ്ട്. ഏതു സാഹചര്യത്തിലാണ് കുന്തം, കുടച്ചക്രം എന്നീ വാക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചതെന്ന് അറിയണം. പ്രസംഗം കേട്ടവരുടെ മനസ്സിൽ ഭരണഘടനയെപ്പറ്റി അവമതിപ്പ് ഉണ്ടാക്കിയോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.
2022ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം ഉണ്ടായത്. ഇതിനു പിന്നാലെ മന്ത്രി സ്ഥാനത്തുനിന്ന് സജി ചെറിയാന് രാജിവെയ്‌ക്കേണ്ടിയും വന്നു.
രാജി വെയ്ക്കില്ലെന്ന് സജി ചെറിയാൻ
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് പറഞ്ഞു. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തൻറെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ഞാനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ എന്റെ ഭാഗം കൂടി നീതിയെന്ന നിലയിൽ കേൾക്കേണ്ടിയിരുന്നു. പൊലീസ് അന്വേഷിച്ചാണ് റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയതു മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകും. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നല്ലേ കോടതി പറഞ്ഞത്. അന്വേഷിക്കട്ടേ. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.