പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് നഴ്സിങ് വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തില്‍ ആ കുട്ടിക്ക് സുഹൃത്തുക്കളുമായി മുന്‍പ് പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും പൊലീസിനോടു സമ്മതിച്ചു. പത്തനംതിട്ട എസ്.എം.ഇ. കോളേജ് ഓഫ് നഴ്സിങ്ങിലെ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി അയിരൂപ്പാറ രാമപുരത്തുപൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെയും രാധാമണിയുടെയും മകള്‍ അമ്മു എ.സജീവ് (21) ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്നു വീണു മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
വിദ്യാര്‍ഥികളില്‍ ഒരാളുടെ ലോഗ് ബുക്ക് കാണാതെ പോയതുമായി ബന്ധപ്പെട്ടായിരുന്നു കോളേജിലെ പ്രശ്നങ്ങള്‍ എന്നാണ് പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും മൊഴി നല്കിയത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ തരത്തിലുള്ളതൊന്നും ഉണ്ടായിരുന്നില്ല എന്നും അവര്‍ പറഞ്ഞു. പത്തനംതിട്ട പൊലീസാണ് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് അവരിതു പറഞ്ഞത്. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി.
കാണാതെ പോയ ലോഗ് ബുക്കിനെ ചൊല്ലി അമ്മു സജീവും സുഹൃത്തുക്കളുമായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും എന്നാലത് അറിഞ്ഞപ്പോള്‍ തന്നെ പരിഹരിച്ചിരുന്നെന്നും ക്ലാസ് ടീച്ചര്‍ സമിത ഖാന്‍ പറഞ്ഞു. വെള്ളിയാഴ്ചയും പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ക്ലാസ് പിരിഞ്ഞതെന്നും പിന്നീടെന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
നാലുപേരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും അമ്മു സജീവിന്റെ പിതാവിന്റെ പരാതി ലഭിച്ചതിന് പിന്നാലെ തന്നെ നടപടി എടുത്തിരുന്നതായും കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാം വ്യക്തമാക്കി.
അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സഹപാഠികളില്‍ ചിലരുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒപ്പം പഠിക്കുന്ന 2 വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ വെച്ച് മാനസികമായി ഉപദ്രവിച്ചിരുന്നതായി അമ്മു നേരത്തേ പിതാവ് സജീവിനോട് പറയുകയും തുടര്‍ന്ന് സജീവ് പ്രിന്‍സിപ്പലിനു പരാതി നല്‍കുകയും ചെയ്തിരുന്നു.
മരിച്ച അന്നു വൈകിട്ട് 4ന് അമ്മു മാതാപിതാക്കളെയും സഹോദരന്‍ അഖിലിനെയും വിളിച്ചിരുന്നു. സംസാരത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നെന്നാണ് കുടുംബം പറയുന്നത്. കോഴ്സ് തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ അമ്മു ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.
അമ്മുവിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.