തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള രൂക്ഷമായ പോര് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. ഇടത്തട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ തമ്മിലാണ് കടുത്ത ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഒരാളെ കുറ്റക്കാരനാക്കുന്ന രീതിയില്‍ മറ്റൊരാള്‍ നടത്തുന്ന ഇടപെടല്‍ ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തമ്മിലടി പരിധിവിട്ട് വളര്‍ന്നതോടെ സര്‍ക്കാര്‍ വിഷയം പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുന്ന രീതിയാണ് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ അവലംബിക്കുന്നത്. ഇതിനായി സര്‍ക്കാരുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ വരെ ചോര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഹിന്ദു വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതു സംബന്ധിച്ച വാര്‍ത്തയും കേരള എംപവര്‍മെന്റ് സൊസൈറ്റി -ഉന്നതി ഫയലുകള്‍ കാണാതായതു സംബന്ധിച്ച വാര്‍ത്തയും ഇത്തരത്തിലുള്ള പോരിന്റെ ഫലമായി പുറത്തുവന്നതാണെന്നു വ്യക്തമായിട്ടുണ്ട്.
കേരളത്തിലെ ഐ.എ.എസ്. തലപ്പത്ത് കാവിവത്കരണം നടക്കുന്നു എന്ന വ്യാപക പ്രചാരണത്തിനു കാരണമായതാണ് വ്യവസായ-വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സൃഷ്ടിച്ച മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ്. ഇങ്ങനൊരു ഗ്രൂപ്പ് വന്നപാടെ അത് തിരുവനന്തപുരത്തെ ഒരു വാര്‍ത്താ ചാനലിലെ പ്രമുഖന് സ്‌ക്രീന്‍ഷോട്ട് സഹിതം വിവരം കൈമാറിയത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. മുന്‍വശവും പിന്‍വശവും പരിശോധിക്കാതെ ആ മാധ്യമപ്രവര്‍ത്തകന്‍ അതു പൊട്ടിച്ചപ്പോള്‍ വലിയ വാര്‍ത്തയും വിവാദവുമായി. ഗോപാലകൃഷ്ണനും അദ്ദേഹത്തോട് അടുപ്പം പുലര്‍ത്തുന്നവര്‍ക്കും ആ ചാരനാരാണ് എന്നത് വ്യക്തമായി അറിയാം. ആ ചെയ്തതിനുള്ള മറുപണി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ‘ചാരന്’ അവര്‍ കൊടുക്കുകയും ചെയ്തു.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് യഥാര്‍ത്ഥത്തില്‍ കാവിവത്കരണത്തിന്റെ ഭാഗമായിരുന്നില്ല. അത് സാങ്കേതികമായി ഗോപാലകൃഷ്ണനു പറ്റിയ അബദ്ധമായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള ഐ.എ.എസ്. ഓഫീസര്‍മാര്‍ പറയുന്നത്. ഉത്സവവേളകളില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ആശംസകള്‍ അറിയിക്കുന്നത് ബുദ്ധിമുട്ടായതിനാലും അങ്ങനെ തിരഞ്ഞുപിടിച്ച് അയയ്ക്കുന്നതില്‍ ആരെയെങ്കിലുമൊക്കെ വിട്ടുപോകാന്‍ സാദ്ധ്യതയുള്ളതിനാലും ഗോപാലകൃഷ്ണന്‍ ഓരോ വിഭാഗമായി തിരിച്ച് വാട്ട്‌സാപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റുണ്ടാക്കാന്‍ ശ്രമിച്ചു. ബ്രോഡ്കാസ്റ്റ് ലിസ്റ്റ് എന്നത് തീര്‍ത്തും സ്വകാര്യവും അയയ്ക്കുന്നയാളുടെ വാട്ട്‌സാപ്പില്‍ മാത്രം നിയന്ത്രിക്കപ്പെടുന്നതും നിലനില്ക്കുന്നതുമാണ്. എന്നാല്‍, കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ തിരഞ്ഞെടുത്ത് ഗോപാലകൃഷ്ണന്‍ സൃഷ്ടിച്ചത് ബ്രോഡ്കാസ്റ്റ് ലിസ്റ്റിനു പകരം പരസ്യമായി എല്ലാവര്‍ക്കും പരസ്പരം കാണാനും സംവദിക്കാനുമാവുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പായിപ്പോയി.
ഇത്തരത്തില്‍ വാര്‍ത്ത വന്നത് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പിനെ പറ്റിയാണെങ്കിലും ഗോപാലകൃഷ്ണന്‍ മല്ലു മുസ്ലിം ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പും സൃഷ്ടിച്ചിരുന്നു. തല്പരകക്ഷികള്‍ ഈ വിവരം സൗകര്യപൂര്‍വ്വം മറച്ചുവെച്ചിട്ടാണ് ഗോപാലകൃഷ്ണന്‍ എന്ന പേരുമായി ചേര്‍ന്നു പോകുന്ന കാവിവത്കരണം ആരോപിച്ചത്. മല്ലു മുസ്ലിം ഓഫീസേഴ്‌സ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പും ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നു പിറവിയെടുത്തിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇതു സംബന്ധിച്ച് മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ഒരുദ്യോഗസ്ഥ മുകളിലേക്കു നല്കിയ പരാതി തന്നെയാണ്.
ഗോപാലകൃഷ്ണന് പറ്റിയ പിഴവ് തനിക്കു പറ്റിയ അബദ്ധത്തെപ്പറ്റി തുറന്നു സമ്മതിക്കാന്‍ തയ്യാറായില്ല എന്നതാണ്. ചെറിയൊരു വിശദീകരണത്തിലൂടെ തീര്‍ക്കാമായിരുന്ന പ്രശ്‌നം അദ്ദേഹം ന്യായീകരിച്ചു കുളമാക്കി. ഗ്രൂപ്പില്‍ അംഗങ്ങളായവരില്‍ ചിലര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്സാപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം സന്ദേശമയച്ചത്. തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയാണെന്നും പുതിയ ഫോണിലേക്കു മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
തന്റെ ഫോണ്‍ ഹാക്ക് ചെയ്തു എന്ന് ഗോപാലകൃഷ്ണന്‍ തന്നെയാണ് പൊലീസിന് പരാതി കൊടുത്തത്. സ്വയം ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചെയ്ത ഇക്കാര്യമാണ് അദ്ദേഹത്തിന് കുരുക്കായിരിക്കുന്നതും. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് പൊലീസ് സ്ഥിരീകരിച്ചു. ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തതിനാല്‍ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഗോപാലകൃഷ്ണന്‍ തല്ക്കാലം രക്ഷപ്പെട്ടു നില്ക്കുകയാണ്. പക്ഷേ, തന്നെ ഹിന്ദു വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതില്‍ അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ട്. അടുപ്പമുള്ളവരോട് അദ്ദേഹം അതു രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപം കൊണ്ട ഉന്നതിയിലെ ഫയലുകള്‍ കാണാനില്ല എന്ന വാര്‍ത്ത വരുന്നത്. ഇതിലും ഒരു ഭാഗത്ത് ഗോപാലകൃഷ്ണന്‍ ഉണ്ട് എന്നതാണ് രസം. ഉന്നതിയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. പട്ടികജാതി-വര്‍ഗ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് ഉന്നതി സി.ഇ.ഒ. ആയിരുന്ന കാലത്തെ പറ്റിയാണ് ആരോപണം.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ ഉന്നതിയുടെ സി.ഇ.ഒ.യായി നിയമിച്ച് ഉത്തരവിറക്കിയത് 2023 മാര്‍ച്ച് 16നാണ്. എന്നാല്‍ ഗോപാലകൃഷ്ണന് ചുമതല കൈമാറാനോ ഫയലുകള്‍ ഏല്പിക്കാനോ അതുവരെ സി.ഇ.ഒ. ആയിരുന്ന പ്രശാന്ത് തയ്യാറായില്ല. ഗോപാലകൃഷ്ണന് ചുമതല ഏറ്റെടുക്കാനുള്ള അനുമതി നല്‍കി ഏപ്രില്‍ 29ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
രേഖകള്‍ ലഭിക്കണമെന്നു കാണിച്ച് പ്രശാന്തിന് ഗോപാലകൃഷ്ണന്‍ കത്തുനല്‍കി. രണ്ടുമാസത്തിനുശേഷം രണ്ടു കവര്‍ പട്ടികജാതി -വര്‍ഗ്ഗ ക്ഷേമ മന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു. മേയ് 13 മുതല്‍ ജൂണ്‍ ആറു വരെ ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാലാണ് രേഖകള്‍ കൈമാറാന്‍ കഴിയാതെപോയതെന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍, ഈ കവറിലും ഉന്നതിയുടെ പ്രധാനരേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇതെച്ചൊല്ലി ഗോപാലകൃഷ്ണനും പ്രശാന്തും കടുത്ത ഭിന്നതയിലായിരുന്നു. ഗോപാലകൃഷ്ണന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വാര്‍ത്തയും വിവാദവും സൃഷ്ടിച്ചതിനു പിന്നാലെ പ്രശാന്ത് കൈമാറാത്ത ഫയലുകളുടെ പൂര്‍ണ്ണ പട്ടിക ഒരു മലയാള പത്രത്തില്‍ അച്ചടിച്ചുവന്നു.
പ്രശാന്ത് ജോലിക്കു ഹാജരാകാതെ വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ റിപ്പോര്‍ട്ടും അടുത്ത ദിവസം അതേ പത്രത്തില്‍ വന്നു. ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് ‘ഓണ്‍ ഡ്യൂട്ടി’ എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലം എന്നാണ് ആരോപണം. ഇതോടെ സഹികെട്ട പ്രശാന്ത് ഫേസ്ബുക്കില്‍ന ജയതിലകിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റുമായി പരസ്യമായി പോരിനിറങ്ങിയിട്ടുണ്ട്. നേരത്തേ തന്നെ മാതൃഭൂമിയുമായി ശത്രുതയുള്ള പ്രശാന്ത് പത്രത്തിനെയും ശക്തമായി ആക്രമിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
സെക്രട്ടേറിയറ്റില്‍ അടയിരിക്കാതെ ഫീല്‍ഡില്‍ ഇറങ്ങി ജോലി ചെയ്യുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ കണ്ട് പരിചയമില്ലാത്ത മാതൃഭൂമി ഇന്നും എനിക്കെതിരെ വാര്‍ത്ത അച്ചടിച്ചിട്ടുണ്ട് – എന്നത്തെയും പോലെ, എന്റെ ഭാഗം ചോദിക്കാതെ. എനിക്കായി ഒരു സ്ഥിരം കോളം ഇടാന്‍ അപേക്ഷ.
ബഹു. മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ ‘അദര്‍ ഡ്യൂട്ടി’ മാര്‍ക്ക് ചെയ്യുന്നതിനെ ‘ഹാജര്‍ ഇല്ല’ എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിനുപിന്നില്‍ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല.
എനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐ.എ.എസ്. എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം. കാര്യം അറിയാവുന്നവര്‍ക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…
വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കുടുങ്ങി പ്രതിസന്ധിയിലായ ഗോപാലകൃഷ്ണനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രശാന്തും ഇപ്പോള്‍ നടപടി നേരിടാന്‍ തയ്യാറായി നില്ക്കുകയാണ്. മേലുദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അറിയാത്തയാളല്ല പ്രശാന്ത്. ‘വരുന്നതു വരട്ടെ’ എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടുണ്ടാവാം.
എന്തായാലും ഐ.എ.എസ്. തലപ്പത്തെ ഈ പോര് വെച്ചുപൊറുപ്പിക്കാനാവില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം എന്തു നിലപാട് സ്വീകരിക്കുന്നുവെന്നും ആരുടെയൊക്കെ തല ഉരുളുന്നു എന്നതും കാത്തിരുന്നു കാണേണ്ട അവസ്ഥയിലാണ്.