തിരുവനന്തപുരം: മദ്രസ അധ്യാപകർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ വൻതുക ചെലവഴിക്കുന്നുവെന്ന് സംഘടിത വ്യാജപ്രചാരണം. കുടുംബ വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ സംഘടനകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ഈ പ്രചാരണം അപകടകരമായ ധ്രുവീകരണത്തിനു കാരണമാകുന്ന സ്ഥിതിയാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും സർക്കാർ ധനസഹായ നിർത്തണമെന്നും മദ്രസാ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂൻഗോ അടുത്തിടെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസയും’ എന്ന തലക്കെട്ടിൽ 11 അധ്യായമുള്ള റിപ്പോർട്ട് മദ്രസകൾക്കെതിരായ കുറ്റപത്രമായി കമ്മീഷൻ തയ്യാറാക്കി. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2009ലെ വിദ്യാഭ്യാസ അവകാശനിയമം ഉറപ്പുനൽകുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. പാഠ്യപദ്ധതി, യൂണിഫോം, അടിസ്ഥാന സൗകര്യങ്ങൾ, പഠനാന്തരീക്ഷം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവ മദ്രസകളിൽ ഇല്ലെന്നും മതപഠനം മാത്രമാണ് നടക്കുന്നതെന്നുമാണ് ബാലാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി.
ബാലവകാശ കമ്മീഷന്റെ ഈ നിലപാടിന്റെ ചുവടുപിടിച്ചാണ് മദ്രസകളിലെ അധ്യാപകർക്ക് കേരള സർക്കാർ നിയമവിരുദ്ധമായി ശമ്പളവും പെൻഷനും അടക്കമുള്ള ആനുകൂല്യങ്ങൾ നല്കുന്നുവെന്ന പ്രചാരണം ശക്തമായത്. അതിനായി ഉപയോഗിക്കുന്ന പോസ്റ്റ് ഇതാണ്.
ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്.
കേരളത്തിലെ ആകെ ജനസംഖ്യ: 3,56,99,443
കേരളത്തിലെ മുസ്ലീം ജനസംഖ്യ: 88,73,472 (26%)
കേരളത്തിലെ മദ്രസകളുടെ എണ്ണം: 21,683
കേരളത്തിലെ മദ്രസ അധ്യാപകരുടെ എണ്ണം: 2,04,683
കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം: 941
ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം (21,683/941) = 23 മദ്രസകൾ (വാർഡ് ഒന്നിന് ഒന്നിൽ കൂടുതൽ മദ്രസകൾ)
ഒരു മദ്രസ അധ്യാപകന്റെ ശമ്പളം = 25,000 (പ്രതിമാസം (മണിക്കൂറിന് 300 രൂപ നിരക്കിൽ ശമ്പളം പറ്റുന്നവർ പുറമേ ).
ഒരു മാസം മദ്രസ അധ്യാപകർക്കായി ഖജനാവിൽ നിന്നും കൊടുക്കുന്ന ശമ്പളം: (2,04,683 x 25,000 ) = 5,11,70,75,000.
ഒരു മാസം മദ്രസ അദ്ധ്യാപകർക്ക് കൊടുക്കുന്ന പെൻഷൻ (പിണറായി ഗവൺമെന്റ് നടപ്പാക്കിയത്): 6,000 x 2,00,000 = 1,20,00,00,000.
ആകെ ഒരു മാസം മദ്രസ ശമ്പളവും പെൻഷനും കൂടി ഖജനാവിൽ നിന്നു നൽകുന്ന പണം: (5,11,70,75,000 + 1,20,00,000,00) = 6,31,70,75,000
ഒരു വർഷം കേരളത്തിൽ മദ്രസ ശമ്പളവും പെൻഷനും കൂടി ചെലവഴിക്കുന്ന പണം: (6,31,70,75,000 X 12) = 75,80,49,00,000 (ഏഴായിരത്തി അഞ്ഞൂറ്റി എൺപത് കോടി നാൽപത്തി ഒൻപത് ലക്ഷം രൂപ -ഈ സംഖ്യ പരിശോധിക്കുന്നവർ കാൽക്കുലേറ്റർ ഉപയോഗിച്ചിട്ട് കാര്യമില്ല. സംഖ്യയുടെ വലിപ്പം കൊണ്ട്, എറർ കാണിക്കും)
വിവരങ്ങൾക്ക് കടപ്പാട്: ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി – കെ.ടി.ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ.
ഇനി ഒരു ചോദ്യം: നിങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ സമുദായത്തിന് ഉള്ളത്?
ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റയും ഒക്കെ നികുതി പണമാണ് ഈ രീതിയിൽ ദുരുപയോഗിക്കപ്പെടുന്നത്. ഇനിയും ഈ അനീതി അനുവദിക്കണമോ?
കേരളം മതേതരമല്ല, മതഭ്രാന്തിന്റെ നാടാണ്. ചിന്തിക്കു..! ചിന്തിച്ച് പ്രവർത്തിക്കു..
യഥാർത്ഥത്തിൽ ഇങ്ങനൊരു കണക്ക് മന്ത്രിയായിരുന്നപ്പോൾ ജലീൽ നിയമസഭയിൽ അവതരിപ്പിച്ചിട്ടില്ല. മദ്രസകളുടെ പ്രവർത്തനം സംബന്ധിച്ച് ആരെങ്കിലും നിയമസഭയിൽ മറുപടി നല്കിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 2021 ജൂൺ 10ന് മുസ്ലിം ലീഗ് എം.എൽ.എമാരായ പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, കെ.പി.എ.മജീദ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മദ്രസ അധ്യാപകർക്കു പൊതുഖജനാവിൽ നിന്നു ശമ്പളം നൽകുന്നില്ലെന്നും അധ്യാപകർ ജോലി ചെയ്യുന്നിടത്തെ അതത് മദ്രസാ മാനേജ്‌മെന്റുകളാണ് ശമ്പളം നല്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മദ്രസ വിഷയത്തിൽ ജലീൽ 2021 മെയ് 24ന് ജലീൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. മദ്രസ അധ്യാപകരിൽ നിന്നും അവർ ജോലി ചെയ്യുന്ന മദ്രസകളിൽ നിന്നും വിഹിതം വാങ്ങി മദ്രസ അധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ ഇടതു സർക്കാർ നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സാധാരണയുള്ള എല്ലാ ക്ഷേമനിധികളെയും പോലെ ക്ഷേമനിധി എന്നതിനപ്പുറം സർക്കാരിൽ നിന്ന് ഒരു അധികസഹായവും പദ്ധതിക്കു ലഭിക്കുന്നില്ലെന്നും ജലീൽ വ്യക്തമാക്കി.
2019 മാർച്ച് 1ന് വിളംബരം ചെയ്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓർഡിനൻസിൽ മദ്രസ അധ്യാപകർക്ക് ശമ്പളം നൽകുന്നത് എങ്ങനെയാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതുപ്രകാരം മദ്രസ അധ്യാപർക്ക് സർക്കാർ ശമ്പളം നൽകുന്നില്ല. മദ്രസ അധ്യാപകർക്ക് സർക്കാർ ഒരു ക്ഷേമനിധി രൂപീകരിച്ചു നൽകിയിട്ടുണ്ട്. ഈ വേളയിൽ കോർപ്പസ് ധനം സർക്കാർ നൽകിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും സർക്കാരിന്റെതില്ല. ഈ ക്ഷേമനിധിയിൽ മദ്രസ മാനേജ്‌മെന്റും മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതിൽ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സർക്കാർ ട്രഷറിയിലാണ്. ഇതിൻറെ പലിശ പോലും ക്ഷേമനിധി യഥാർഥത്തിൽ വാങ്ങുന്നില്ല.
മദ്രസ അധ്യാപകരുടെ ശമ്പളയിനത്തിൽ സർക്കാർ ധനസഹായം നൽകുന്നില്ല. മാത്രവുമല്ല, മദ്രസകളിലെ അധ്യാപകർക്ക് ഏകീകൃത ശമ്പളമല്ല ലഭിക്കുന്നത്. ഓരോ മഹല്ലുകളുടെയും വരുമാനസ്ഥിതിക്കനുസരിച്ചാണ് ശമ്പളം ലഭിക്കുക. ഇപ്പോൾ പരമാവധി ശമ്പളം 6,000 രൂപയാണ്. അതുപോലെ മദ്രസ അധ്യാപകർക്ക് നൽകുന്ന പെൻഷനെ പറ്റി പോസ്റ്റിൽ നൽകിയിരിക്കുന്ന കണക്കും വസ്തുതാ വിരുദ്ധമാണ്. സർക്കാർ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർക്ക് നിലവിൽ ഇതിന് അർഹതയില്ല.
ക്ഷേമനിധിയിൽ അംഗങ്ങളായി ഉള്ളവർ തന്നെ ഇതുവരെ ഒരു ലക്ഷം പോലും ആയിട്ടില്ല. പിന്നെങ്ങനെയാണ് രണ്ടുലക്ഷം പേർക്ക് പെൻഷൻ നൽകി എന്ന് പറയാൻ കഴിയുക. അഞ്ഞൂറിൽ താഴെ പേരാണ് ഇതുവരെ പെൻഷൻ വാങ്ങാനുള്ളത്. ആസൂത്രിതമായി നടത്തുതെല്ലാം വെറും വ്യാജ പ്രചരണം മാത്രമാണെന്ന് ഇതിൽ നിന്നു വ്യക്തമാവുന്നു.