ന്യൂഡൽഹി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനു മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.
പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചു. അന്വേഷണ സംഘത്തിനു തിരിച്ചടിയാകുന്ന തീരുമാനമാണു സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സിദ്ദിഖിനു ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം.
അതിജീവിതയായ നടി പരാതി നൽകിയത് എട്ടു വർഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്. ഫേസ്ബുക്കിൽ പോസ്റ്റിടാൻ ധൈര്യമുണ്ടായിട്ടും പരാതിക്കാരിക്ക് എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യം കോടതി ഉയർത്തി. അതേസമയം, കേസിന്റെ ഗൗരവസ്വഭാവവും കണക്കിലെടുത്ത കോടതി, മുൻകൂർ ജാമ്യം അനുവദിക്കുന്നതിലെ കൂടുതൽ കാരണങ്ങൾ ഉത്തരവിൽ വിശദീകരിക്കുന്നില്ലെന്ന് സൂചിപ്പിച്ചു.
”2016ൽ നടന്ന സംഭവമാണെന്നാണു പരാതിക്കാരി പറയുന്നത്. എന്നാൽ 2018ൽ ഫെയ്‌സ്ബുക്കിൽ ഇതേ ആരോപണങ്ങൾ ഉന്നയിച്ചു പോസ്റ്റിടാൻ അതിജീവിത ധൈര്യം കാണിച്ചു. പക്ഷേ, പൊലീസിനെ സമീപിക്കാൻ 8 വർഷം വേണ്ടിവന്നു. കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി മുൻപാകെയും ഇവർ ഹാജരായില്ല” സുപ്രീം കോടതി നിരീക്ഷിച്ചു. ”കേരളത്തിലെ അഭിനേതാവായ മുതിർന്ന പൗരനാണ്. 2016ൽ നടന്നെന്നു പറയുന്ന സംഭവത്തെപ്പറ്റി 2024 ആണ് നടി പരാതിപ്പെട്ടത്”-സിദ്ദിഖിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി പറഞ്ഞു.
സംഭവത്തെക്കുറിച്ചു പുറത്തു പറയാനുള്ള ശ്രമമാണ് ഫേസ്ബുക്കിലൂടെ അതിജീവിത നടത്തിയതെന്നും സിദ്ദീഖിന്റെ അനുയായികളിൽനിന്ന് വലിയ തിരിച്ചടി ഇതിനവർക്ക് നേരിടേണ്ടി വന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി വഴങ്ങിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടും കേരള ഹൈക്കോടതിയുടെ ഇടപെടലുമാണു കേസിൽ പരാതി നൽകാൻ ധൈര്യം നൽകിയതെന്നും വൃന്ദ ചൂണ്ടിക്കാട്ടി. തനിക്ക് ആശ്രയിക്കാൻ കഴിയുന്ന സംവിധാനമുണ്ടെന്നു ബോധ്യപ്പെട്ടപ്പോഴാണ് അതിജീവിത പരാതിക്കു തയാറായത്, സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അന്വേഷണത്തെയും കേസിലെ വിചാരണയെയും പ്രതികൂലമായി ബാധിക്കുമെന്നും വൃന്ദ വാദിച്ചു.
ഓഗസ്റ്റ് 27ന് നടി പരാതി നൽകുന്നതിന്റെ തലേന്നു സിദ്ദിഖ് അവർക്കെതിരെ പൊലീസിൽ പരാതി നൽകിയതാണെന്ന് റോഹത്ഗി പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായിരുന്നു സിദ്ദിഖ്. വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി.) മുൻ ഭാരവാഹിയാണു പരാതിക്കാരി. ഈ രണ്ടു സംഘടനകളും തമ്മിൽ ‘സംഘർഷത്തിൽ’ ആണെന്നും റോഹത്ഗി വാദിച്ചു.
സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ രഞ്ജിത് കുമാറും സ്റ്റാൻഡിങ് കോൺസൽ നിഷെ രാജൻ ശങ്കറും ജാമ്യം അനുവദിക്കുന്നതിനെ നിശിതമായി വിമർശിച്ചു. അന്വേഷണത്തോടു സഹകരിക്കാതെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും ഫോണും മറ്റും ഹാജരാക്കുന്നില്ലെന്നും രഞ്ജിത് കുമാർ വാദിച്ചു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും സിദ്ദിഖ് അക്കാലത്ത് സിനിമയിലെ ശക്തനായിരുന്നു എന്നുമാണു റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചത്. മീ ടൂ വിവാദം ഉയർന്ന കാലത്ത് തന്റെ അനുഭവത്തിന്റെ ചെറിയ ഭാഗം നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെങ്കിലും സൈബർ ആക്രമണം കാരണം നിശ്ശബ്ദയായി. ഈ സാഹചര്യത്തിൽ പരാതി നൽകാൻ വൈകിയത് അനുഭാവപൂർവം പരിഗണിക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കേസിൽ നേരത്തേ സിദ്ദിഖിനു സുപ്രീംകോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫേസ്ബുക്ക്, സ്‌കൈപ് അക്കൗണ്ടുകൾ സിദ്ദിഖ് ഡിലീറ്റ് ചെയ്തു. അക്കാലത്തെ ഫോണുകളും കമ്പ്യൂട്ടറുകളും ഉപേക്ഷിച്ചെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി നേരത്തേ സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.