Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: തൃശ്ശൂർ പൂരവേദിയിലുണ്ടായ പ്രശ്നങ്ങൾ സംബന്ധിച്ച് തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. പൊലീസിന്റെ നിയന്ത്രണത്തെക്കാളുപരി ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചനയാണ് തൃശ്ശൂർ പൂരത്തെ അലങ്കോലമാക്കിയതെന്ന് സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു. സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾക്കെതിരെയും രൂക്ഷമായ വിമർശമുണ്ട്.
പൂരം അലങ്കോലമാക്കാനുള്ള പ്രവൃത്തികൾ വരുംവർഷങ്ങളിലും ഉണ്ടാകാമെന്നും അതിനാൽ പൂരത്തിന്റെ നടത്തിപ്പിനായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഉന്നതാധികാര കമ്മിറ്റിക്ക് രൂപം നൽകണമെന്നും സെക്രട്ടറി പി.ബിന്ദു ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ 7.15 വരെ വൈകിപ്പിച്ചത് തിരുവമ്പാടി ദേവസ്വമാണ്. പൂരം അലങ്കോലമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വാധീമുണ്ടാക്കാനുള്ള ബി.ജെ.പി. നേതാക്കളുടെ നീക്കത്തെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി എന്നു സംശയമുണ്ട്.
പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വവുമായോ ബന്ധമില്ലാത്തവരെ ചർച്ചയിൽ കൊണ്ടുവന്നു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാർ, ബി.ഗോപാലകൃഷ്ണൻ, വത്സൻ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് സംശയമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി.യുടെ ലോക്സഭാ സ്ഥാനാർഥി സുരേഷ് ഗോപി പൂരം അലങ്കോലമായതായി പ്രചരിപ്പിക്കുകയും താനിടപെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന അസത്യവാർത്തകൾ നൽകുകയും ചെയ്‌തെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തൃശ്ശൂർ കോർപ്പറേഷന്റെയും സഹകരണത്തോടെ രൂപവത്കരിക്കുന്ന ഉന്നതാധികാര കമ്മിറ്റിയുടെ പൂർണനിയന്ത്രണത്തിലായിരിക്കണം ഭാവിയിൽ തൃശ്ശൂർപ്പൂരം നടത്തേണ്ടതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.
- പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ആക്ഷേപം ഉയർന്നെങ്കിലും ഇത്തരം പരാതികൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഇത് രമ്യമായി പരിഹരിച്ച് പൂരം തടസ്സമില്ലാതെ നടത്തുകയാണ് ചെയ്യുക. ഇത്തരം നിയന്ത്രണങ്ങളുടെ പേരിൽ പൂരം പ്രതിസന്ധിയിലായി എന്ന പ്രചാരണം നടത്തുന്നത് ഏതാനും നാളുകളായി പതിവാണ്.
- പാറമേക്കാവ് ദേവസ്വം വെടിക്കെട്ടുസമയത്ത് പൂരപ്പറമ്പിൽ നിൽക്കാൻ പണിക്കാർ ഉൾപ്പടെ 160 പേരുടെ ലിസ്റ്റ് മാത്രമാണ് നൽകിയത്. തിരുവമ്പാടി ദേവസ്വം തങ്ങൾ പറയുന്നവരെ മുഴുവൻ പൂരപ്പറമ്പിൽ കയറ്റണം എന്ന നിലപാടാണ് സ്വീകരിച്ചത്
- തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ ആനകളെ നൽകാത്തതിനാൽ ഘടകപൂരങ്ങളുടെ ശോഭ കുറഞ്ഞു
- പൂരം ഏതെങ്കിലും പ്രത്യേക ക്ഷേത്രങ്ങളുടെയോ സാമുദായിക വിഭാഗങ്ങളുടെയോ മാത്രം ആഘോഷമല്ല. 1796ൽ ശക്തൻ തമ്പുരാന്റെ ഉത്തരവുപ്രകാരം ചിട്ടപ്പെടുത്തിയതാണ്.
ജില്ലാ പോലീസ് മേധാവി ഇടപെട്ട് പൂരം കലക്കിയെന്നാരോപിച്ച് ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും മുരളികൃഷ്ണയും അടങ്ങിയ ബെഞ്ച് മറുപടി സത്യവാങ്മൂലം ഫയൽചെയ്യാൻ ഹർജിക്കാരോട് നിർദേശിച്ചു.