കൊല്ലം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാദിഖലി തങ്ങളെക്കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോ എന്ന് പിണറായി ചോദിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
പാണക്കാട് തങ്ങളെ കുറിച്ച് പറയാൻ പാടില്ല പോലും. പാണക്കാട് കുറേ തങ്ങൾമാരുണ്ട്. ഞാൻ അവരെക്കുറിച്ചൊന്നും പറഞ്ഞില്ല. പറഞ്ഞത് മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെക്കുറിച്ചാണ്. സാദിഖലി തങ്ങളെക്കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ആർ.എസ്.എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും സി.പി.എം. എതിർക്കും. വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ല. മുൻപ് എപ്പോഴെങ്കിലും ലീഗ് ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടുണ്ടോ. സാദിഖലി തങ്ങൾ അല്ലേ അതിന് ഉത്തരവാദിയെന്ന് പിണറായി വിജയൻ ചോദിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചത്. വിമർശിക്കുന്നവരെ എതിർക്കുന്നത് തീവ്രവാദികളുടെ ഭാഷയാണ്. ജമാത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് തന്റെ നേർക്കു വരരുതെന്നും പിണറായി പറഞ്ഞു.
വർഗീയതയോട് കോൺഗ്രസിന് മൃദുനിലപാടെന്നും മുഖ്യമന്ത്രി വിമർശിച്ചു. വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതാണ് കോൺഗ്രസ് നയമെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇപ്പോഴും ആർ.എസ്.എസുകാരനായ ഒരാളെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. അയാളെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
തലശ്ശേരി കലാപത്തിൽ സി.പി.എം. പ്രവർത്തകർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് മറക്കരുത്. വയനാടിൽ പ്രിയങ്കഗാന്ധിക്ക് എസ്.ഡി.പി.ഐ. പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. വർഗീയവാദികളുടെ പിന്തുണ വേണ്ടെന്ന് പറയാൻ എന്താണ് മടിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തലശ്ശേരിയിലെ ഉപതിരഞ്ഞെടുപ്പിൽ ആർ.എസ്.എസ. പിന്തുണവേണ്ടെന്ന് സി.പി.എം. പരസ്യമായി പറഞ്ഞു. എസ്.ഡി.പി.ഐ. മാത്രമാണൊ ജമാത്തെ ഇസ്ലാമിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചില്ലേ, എന്നിട്ട് സി.പി.എം. ഒലിച്ച് പോയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. തരിഗാമിയെ പരാജയപ്പെടുത്താൻ ജമാത്തെ ഇസ്ലാമി രംഗത്തിറങ്ങിട്ടും തരിഗാമി ജയിച്ചു വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിലും പുനരധിവാസം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് സർക്കാർ നൽകിയ ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.