ചെന്നൈ: സർക്കാർ വക ബസുകളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാൻ പുതിയ വിപണന തന്ത്രവുമായി തമിഴ്‌നാട്. തങ്ങളുടെ ബസുകളിൽ ഓൺലൈൻ ബുക്കിങ് നടത്തി സഞ്ചരിക്കുന്നവർക്കായി തമിഴ്‌നാട് സർക്കാർ ലോട്ടറി പദ്ധതി ഏർപ്പെടുത്തി. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് ഇരുചക്രവാഹനം, ടി.വി. തുടങ്ങിയ സമ്മാനങ്ങൾ ലഭിക്കും.
Follow the FOURTH PILLAR LIVE channel on WhatsApp
സർക്കാർ ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. സ്വകാര്യ ബസുകളെ അപേക്ഷിച്ച് നിരക്ക് കുറവായിട്ടും സർക്കാർ ബസുകളിൽ യാത്ര ചെയ്യാൻ പലരും തയ്യാറാകുന്നില്ല. സർക്കാർ ബസ് സർവീസുകളുടെ നിലവാരത്തെക്കുറിച്ചുള്ള തെറ്റിധാരണയാണ് ഇതിനു കാരണം. ഇത് മാറണമെങ്കിൽ ആളുകൾ ഒരിക്കലെങ്കിലും സർക്കാർ ബസിൽ യാത്ര ചെയ്യണം. ഇതിന് വേണ്ടിയാണ് സമ്മാന പദ്ധതി നടത്തുന്നതെന്ന് എസ്.ഇ.ടി.സി. എം.ഡി. ആർ. മോഹൻ പറഞ്ഞു.
ചെന്നൈ നഗരത്തിൽ സർവീസ് നടത്തുന്ന എം.ടി.സി., അന്തസ്സംസ്ഥാന സർവീസുകൾ നടത്തുന്ന എസ്.ഇ.ടി.സി. അടക്കം സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ എന്നിവ ലോട്ടറിയുടെ പരിധിയിൽ വരും. നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹരെ കണ്ടെത്തുന്നത്. നവംബർ 21 മുതൽ ജനുവരി 20 വരെയുള്ള യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽനിന്ന് മൂന്നുപേരെ വിജയികളായി തിരഞ്ഞെടുക്കും. ഒന്നാം സമ്മാനമായി ഇരുചക്രവാഹനം നൽകും. സ്മാർട്ട് ടി.വിയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഫ്രിഡ്ജ്. ഇതുകൂടാതെ മാസം തോറും കാഷ് പ്രൈസും നൽകുന്നുണ്ട്.
കഴിഞ്ഞ ജൂൺ മുതൽ പ്രതിമാസ സമ്മാന പദ്ധതി നടപ്പാക്കുന്നുണ്ട്. പൊങ്കലിനോടനുബന്ധിച്ചാണ് ഇപ്പോൾ പുതിയ സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. മാസം 13 പേർക്കാണ് കാഷ് പ്രൈസ് നൽകുന്നത്. മൂന്നുപേർക്ക് 10,000 രൂപ വീതവും ബാക്കിയുള്ളവർക്ക് 2,000 രൂപ വീതവുമാണ് നൽകുന്നത്.