വിശാഖപട്ടണം: ട്രെയിന്‍ യാത്രയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരില്‍ റെയില്‍വേയ്ക്ക് 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷന്‍. സൗകര്യങ്ങളില്ലാത്തതു നിമിത്തം ശാരീരികവും മാനസികവുമായ പ്രതിസന്ധി നേരിട്ടുവെന്ന പരാതിയുമായി വി. മൂര്‍ത്തി എന്ന യാത്രക്കാരനാണ് പരാതി നല്കിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
2023 ജൂണ്‍ 5നാണ് പരാതിക്കാസ്പദമായ സംഭവം. തിരുമല എക്‌സ്പ്രസിലെ എ.സി കോച്ചില്‍ തിരുപ്പതിയില്‍ നിന്ന് വിശാഖ പട്ടണത്തേക്കു കുടുംബത്തോടൊപ്പമായിരുന്നു മൂര്‍ത്തി യാത്ര ചെയ്തത്. യാത്രയ്ക്കിടെ ശൗചാലയം ഉപയോഗിക്കാന്‍ പോയപ്പോള്‍ അവിടെ വെള്ളമുണ്ടായിരുന്നില്ലെന്നും വൃത്തിഹീനമായിക്കിടക്കുകയായിരുന്നുവെന്നും മൂര്‍ത്തി പറയുന്നു. കോച്ചില്‍ എ.സി. ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല.
വിഷയം ദുവ്വാഡയിലെ റെയില്‍വേ ഓഫീസില്‍ അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തെറ്റായ ആരോപണങ്ങളെന്നായിരുന്നു റെയില്‍വേയുടെ മറുപടി. മൂര്‍ത്തിയും കുടുംബവും തങ്ങളുടെ സേവനം ഉപയോഗിച്ച് സുരക്ഷിതമായ യാത്ര പൂര്‍ത്തിയാക്കിയെന്നും റെയില്‍വേ വാദിച്ചു.
എന്നാല്‍, ശൗചാലയം, എസിയുടെ പ്രവര്‍ത്തനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ റെയില്‍വേ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പറഞ്ഞു. യാത്രയില്‍ നേരിട്ട പ്രതിസന്ധിക്ക് പരിഹാരമായി 25,000 രൂപയും കൂടാതെ നിയമപരമായ ചെലവുകള്‍ക്കായി വഹിച്ച 5,000 രൂപയും അടക്കം 30,000 രൂപ നല്‍കാന്‍ കമ്മീഷന്‍ വിധിച്ചു.