ഡൊഡോമ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ ഒരു അഞ്ചു വയസ്സുകാരനു മുന്നില്‍ നമിച്ചു.പഞ്ചാബിലെ റോപ്പറില്‍ നിന്നുള്ള തേജ്ബീര്‍ സിങ് എന്ന ബാലനാണ് ഈ നേട്ടം കൈവരിച്ചത്. ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോയുടെ ഉയരം 5,895 മീറ്റര്‍ അഥവാ 19,340 അടിയാണ്. ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന ഖ്യാതിയോടെ തേജ്ബീര്‍ ചരിത്രത്തില്‍ ഇടംനേടി.
ഓഗസ്റ്റ് 18ന് തേജ്ബീര്‍ യാത്ര ആരംഭിച്ചു. ഓഗസ്റ്റ് 23ന് പര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ ഉഹുറു കൊടുമുടിയിലെത്തി. ഒരു വര്‍ഷം മുമ്പാണ് തേജ്ബീര്‍ ഈ നേട്ടത്തിനായി തയ്യാറെടുക്കാന്‍ തുടങ്ങിയത്. ഹൃദയാരോഗ്യവും ശ്വാസകോശ ശേഷിയും വര്‍ധിപ്പിക്കുന്നതിനുമുള്ള വ്യായാമങ്ങളും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പ്രതിവാര ട്രെക്കിങ്ങിന് വിവിധ മലയോരങ്ങളിലേക്ക് പോയി കൂടുതല്‍ പരിശീലനം നേടി.
ഉയരമുള്ള സ്ഥലങ്ങളില്‍ യാത്ര ചെയുമ്പോള്‍ ഉണ്ടാകുന്ന ആള്‍ട്ടിറ്റിയൂഡ് സിക്‌നെസ്സ് നേരിട്ടായിരുന്നു യാത്ര. മുന്‍ ഹാന്‍ഡ്‌ബോള്‍ പരിശീലകന്‍ കൂടിയായ ബിക്രംജിത് സിങ് ഗുമനാണ് തേജ്ബീറിന്റെ പര്‍വതാരോഹണ പരിശീലകന്‍. തന്റെ പരിശീലകനും കുടുംബവുമായി നേട്ടത്തിനു പിന്നിലെ ശക്തികളെന്ന് തേജ്ബീര്‍ പറഞ്ഞു.
ട്രക്കിങ്ങിന് ശേഷം, കിളിമഞ്ചാരോ നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള ടാന്‍സാനിയയിലെ നാഷണല്‍ പാര്‍ക്കുകളുടെ കണ്‍സര്‍വേഷന്‍ കമ്മീഷണര്‍ നല്‍കിയ പര്‍വ്വതാരോഹക സാക്ഷ്യപത്രം ഈ കൊച്ചു മിടുക്കന് ലഭിച്ചു.