കൊച്ചി: മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ -ഥാര്‍ റോക്‌സ് സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറക്കി. വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഈ എസ്.യു.വി. വളരെ ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഥാര്‍ റോക്‌സിന്റെ പെട്രോള്‍ വേരിയന്റ് പ്രാരംഭ വില ആരംഭിക്കുന്നത് വെറും 12.99 ലക്ഷം രൂപയിലും ഡീസലിന്റെ വില 13.99 ലക്ഷം രൂപയിലും ആരംഭിക്കുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
മഹീന്ദ്രയുടെ പുത്തന്‍ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്‌സ് സുഗമമായ റൈഡും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമാണ് ലഭ്യമാക്കുന്നത്. താര്‍ മരുഭൂമിയിലെ 50 ഡിഗ്രിയിലേറെ ചൂടും ലേയിലെ ഉയര്‍ന്ന ഭൂപ്രകൃതിയും കൂര്‍ഗിലെ ചെളി നിറഞ്ഞ പ്രതലവും കാസയിലെ -20 ഡിഗ്രി തണുപ്പും അടക്കമുള്ള വിഭിന്നങ്ങളായ ഭൂപ്രകൃതികളിലെ കഠിനമായ പരീക്ഷണങ്ങള്‍ മറികടന്നാണ് റോക്‌സ് എത്തുന്നത്.
ഥാര്‍ റോക്‌സ് സ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുകയും സമൂഹത്തിന് ശക്തമായ അനുഭൂതി നല്‍കുകയും ചെയ്യുന്നതാണെന്ന് വാഹനം പുറത്തിറക്കുന്ന വേളയില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു. തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ഡിസൈനും പരിഷ്‌കരിച്ച ഡ്രൈവും ശക്തമായ പ്രകടനവും മേന്മയുള്ള ഓഫ് റോഡ് ശേഷിയും സുരക്ഷയും ആഡംബരവും ആധുനിക സാങ്കേതികവിദ്യയുമെല്ലാമായി വരുന്ന ഈ എസ്.യു.വി. ഡ്രൈവിങ് അനുഭവത്തെ പതിന്മടങ്ങ് മെച്ചപ്പെടുത്തുന്നു. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 12.5 ലക്ഷത്തിനു മുകളില്‍ വിലയുള്ള വിഭാഗത്തില്‍ ഒന്നാമത്തെ എസ്.യു.വി. ആക്കി ഥാര്‍ ബ്രാന്‍ഡിനെ മാറ്റുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പുതിയ എം-ഗ്ലൈഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്‌സ് പരിഷ്‌ക്കരിച്ച ബോഡി ഓണ്‍ ഫ്രെയിം എസ്.യു.വികളുടെ പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്‌നോളജി ആന്‍ഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് ആര്‍.വേലുസാമി പറഞ്ഞു. പനോരമിക് സ്‌കൈറൂഫ്, ആധുനിക ലെവല്‍ 2 അഡാസ്, ഹര്‍മന്‍ കാര്‍ഡണ്‍ ബ്രാന്‍ഡഡ് ഓഡിയോ തുടങ്ങിയവയുമായി ആഡംബരത്തിന്റേയും സുരക്ഷയുടേയും കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്ന ഥാര്‍ റോക്‌സ് ഉടമസ്ഥാനുഭവത്തിനു പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്ന വാഹനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നു ഡോര്‍ മോഡലിന്റെ അടിസ്ഥാന രൂപത്തില്‍ തന്നെയാണ് അഞ്ച് ഡോര്‍ മോഡലും പുറത്തിറക്കിയിരിക്കുന്നത്. എങ്കിലും വാഹനത്തിന്റെ ഡിസൈനിങ്ങില്‍ വരുത്തിയ ചെറിയ മാറ്റങ്ങള്‍ റോക്സിനെ ആരാധകരുടെ പ്രിയപ്പെട്ടതാക്കുമെന്ന് തീര്‍ച്ചയാണ്. എല്‍.ഇ.ഡി. ലൈറ്റുകള്‍, ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ പോലുള്ള ആവേശകരമായ സവിശേഷതകളാല്‍ റോക്സ് ശ്രദ്ധ ആകര്‍ഷിക്കുന്നു. അടിസ്ഥാന മോഡലുകളില്‍ തന്നെ ഇത്തരം മിനുക്കുപണികള്‍ കാണാന്‍ സാധിക്കും.
ആറ് ഡബിള്‍-സ്റ്റാക്ക് സ്ലോട്ടുകളോട് കൂടിയ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലാണ് ഥാര്‍ റോക്ക്സിന് ലഭിക്കുന്നത്. ഥാര്‍ മൂന്ന് ഡോറില്‍ ഏഴ് സ്ലോട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഹെഡ്ലാമ്പുകള്‍ അവയുടെ വൃത്താകൃതിയിലുള്ള ഡിസൈന്‍ നിലനിര്‍ത്തുമ്പോഴും അവയ്ക്ക് ഇപ്പോള്‍ സി-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എല്‍.ഇ.ഡി. പ്രൊജക്ടര്‍ സജ്ജീകരണം ലഭിക്കുന്നു. എല്‍.ഇ.ഡി. ഫോഗ് ലാമ്പുകള്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. മുന്‍വശത്തെ ബമ്പര്‍, ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പ് ഹൗസിംഗും മധ്യഭാഗത്ത് ബ്രഷ് ചെയ്ത അലുമിനിയം ബിറ്റുകളും ഉള്‍പ്പെടെ ചില സവിശേഷമായ ഡിസൈന്‍ ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
വശങ്ങളിലും മുന്‍ മോഡലിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുണ്ട്. റോക്സിന്റെ മിഡ് വേരിയന്റില്‍ 18 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ വീല്‍ ആര്‍ച്ചുകളും സ്‌റ്റൈലിഷ് 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടാകും. മുന്‍വശത്തെ വാതില്‍ സ്റ്റാന്‍ഡേര്‍ഡ് ഥാറിന് സമാനമാണ്, പിന്‍വാതിലിന് ലംബമായി സ്ഥാനമുള്ള ഒരു പ്രത്യേക ഹാന്‍ഡിലുണ്ട്. സി പില്ലറിനു ശേഷം നല്‍കിയിട്ടുള്ള ക്വാര്‍ട്ടര്‍ ഗ്ലാസും വശങ്ങളിലെ ലുക്ക് ഗംഭീരമാക്കുന്നു. പിന്‍വശത്തും മുന്‍ മോഡലിന്റെ അതേ ഡിസൈനാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറിയ ടെയ്ല്‍ ലാമ്പ് വേറിട്ട് നില്‍ക്കുന്നു. മിക്ക വകഭേദങ്ങള്‍ക്കും ഡ്യുവല്‍-ടോണ്‍ പെയിന്റ് ഷേഡ് ഉണ്ടായിരിക്കും.
ഇന്റീരിയര്‍ മഹീന്ദ്രയുടെ തന്നെ സ്‌കോര്‍പിയോ എന്‍-ലൈന്‍, എക്സ്.യു.വി. 700 എന്നിവയില്‍ നിന്ന് പ്രചോദം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 10.25 ഇഞ്ച് വലുപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വലിയ പനോരമിക് സ്‌കൈറൂഫും പുതുമയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വയര്‍ലെസ് ചാര്‍ജിങ് സംവിധാനവും വെന്റിലേറ്റഡ് സീറ്റുകളുമെല്ലാം ചേര്‍ന്ന് വാഹനത്തിന് പ്രീമിയം എസ്.യു.വിയുടെ മാറ്റ് നല്‍കുന്നു. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, 60:40 സ്പ്ലിറ്റ് ഫോള്‍ഡിങ് റിയര്‍ ബെഞ്ച് സീറ്റുകള്‍, പിന്‍ സീറ്റിലെ റിക്ലൈനര്‍ സൗകര്യം, പിന്നിലെ എ.സി. വെന്റുകള്‍, പിന്നിലെ യു.എസ്.ബി. സി-ചാര്‍ജിങ് പോര്‍ട്ട് എന്നിവ എടുത്തുപറയേണ്ട പ്രത്യേകതകള്‍ തന്നെ.
സുരക്ഷയുടെ കാര്യത്തിലും റോക്സ് ഒരുപടി മുന്നിലാണ്. എം.എക്സ്. 1 എന്ന അടിസ്ഥാന വേരിയന്റില്‍ തന്നെ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, കൂടാതെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഉറപ്പാക്കുന്നു. പെട്രോളില്‍ പുതിയ 2.0 ലിറ്റര്‍ എം സ്റ്റാലിയോണ്‍ ടി.ജി.ഡി.ഐ. എഞ്ചിന്‍ 5000 ആര്‍.പി.എമ്മില്‍ 130 കിലോവാട്ട് വരെ പവര്‍ ലഭ്യമാക്കും. 1750-3000 ആര്‍.പി.എമ്മില്‍ 380 എന്‍.എം. ടോര്‍ക്കും ലഭിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണുള്ളത്. ഡീസലില്‍ 2.2 ലിറ്റര്‍ എംഹോക്ക് എഞ്ചിനാണ് അവതരിപ്പിക്കുന്നത്. 3500 ആര്‍.പി.എമ്മില്‍ 128.6 കിലോവാട്ട് വരെ പവര്‍ ലഭിക്കും. 1500-3000 ആര്‍.പി.എമ്മില്‍ 370 എന്‍.എം. പരമാവധി ടോര്‍ക്കും ലഭിക്കും. ഇതിനും ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ലഭ്യമാണ്.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എട്ട് വേരിയന്റുകളിലായാണ് വാഹനം എത്തിയിരിക്കുന്നത്. റോക്‌സിന്റെ വിവിധ വേരിയന്റുകള്‍ 12.99 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയുള്ള എക്‌സ്-ഷോറൂം വിലയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. നിലവില്‍ ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളുടെ വില മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. പുറത്തുവന്ന വില വിവരങ്ങള്‍ പരിഗണിക്കുമ്പോള്‍ റോക്‌സ് മോഡലിന്റെ പ്രാരംഭ വില മൂന്ന് ഡോര്‍ പതിപ്പിനേക്കാള്‍ ഏകദേശം 1.64 ലക്ഷം കൂടുതലാണ്. എന്നാല്‍ അഞ്ച് ഡോര്‍ പതിപ്പ് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ വിലവര്‍ധന ഉപയോക്താക്കളെ നിരുത്സാഹപ്പെടുത്തില്ലെന്ന് മഹീന്ദ്ര പ്രതീക്ഷിക്കുന്നു.
ഥാര്‍ റോക്‌സിന്റെ ബുക്കിങ്ങുകള്‍ 2024 ഒക്ടോബര്‍ 03 മുതല്‍ ഓണ്‍ലൈനിലും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ആരംഭിക്കും. കൂടാതെ ടെസ്റ്റ് ഡ്രൈവുകള്‍ 2024 സെപ്തംബര്‍ 14 മുതല്‍ ആരംഭിക്കും. ഈ വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് ഡെലിവറികള്‍ തുടങ്ങാനാണ് പരിപാടി.