രാജകുമാരി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. ഝാര്‍ഖണ്ഡ് സ്വദേശിനിയും പന്നിയാര്‍ എസ്റ്റേറ്റിലെ താമസക്കാരിയുമായ നീന(21) ആണ് ആംബുലന്‍സില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. പ്രസവവേദനയെ തുടര്‍ന്ന് ശാന്തന്‍പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ നീനയെ ആരോഗ്യസ്ഥിതി വഷളായതിന് തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ശാന്തന്‍പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് വി.ആര്‍.ശ്രീകുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ലിന്റു ടിസ് എന്നിവര്‍ ആശുപത്രിയില്‍ എത്തി നീനുവുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.
ആംബുലന്‍സ് ശാന്തന്‍പാറയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കള്ളിപ്പാറയില്‍ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. ടെക്നീഷ്യന്‍ ലിന്റു നടത്തിയ പരിശോധനയില്‍ ഉടന്‍ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി. അവര്‍ ആംബുലന്‍സില്‍ പ്രസവത്തിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 5.35ന് ലിന്റുവിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ലിന്റു അമ്മയും കുഞ്ഞും ആയുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് ശ്രീകുമാര്‍ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.