തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗർ ഇന്ദുജാ ഭവനിൽ ശശിധരൻ കാണിയുടെയും ഷീജയുടെയും മകൾ ഇന്ദുജ (25) മരിച്ച കേസിൽ ഭർത്താവ് ഇളവട്ടം എൽ.പി. സ്‌കൂളിനു സമീപം ശാലു ഭവനിൽ നന്ദു എന്നുവിളിക്കുന്ന അഭിജിത് ദേവൻ (25), ഇയാളുടെ സഹപാഠിയും സുഹൃത്തുമായ പെരിങ്ങമ്മല പഞ്ചായത്ത് ജങ്ഷനു സമീപം എ.ടി. കോട്ടേജിൽ അജാസ് ടി.എ. (26) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. ഇരുവരും ചേർന്ന് ഇന്ദുജയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Follow the FOURTH PILLAR LIVE channel on WhatsApp
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി ഇന്ദുജയുടെ അച്ഛനും സഹോദരനും പാലോട് പൊലീസിനു പരാതി നൽകിയിരുന്നു. അഭിജിത്തിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അജാസിനെതിരെ ഈ രണ്ടു കുറ്റങ്ങൾക്കു പുറമെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.
ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഭർതൃഗൃഹത്തിൽ താൻ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടുന്നതായി ഇന്ദുജ രണ്ടു ദിവസം മുൻപ് അച്ഛനെയും സഹോദരനെയും ഫോൺ വിളിച്ച് അറിയിച്ചിരുന്നു.
സഹപാഠികളായ ഇന്ദുജയും അജാസും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ, ഒന്നരവർഷത്തിനു മുൻപ് ഇവർ തമ്മിൽ തെറ്റിപ്പിരിഞ്ഞു. തുടർന്ന് അഭിജിത്ത് ഇന്ദുജയുമായി അടുത്തു. രണ്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ അഭിജിത്ത് മൂന്നുമാസം മുൻപാണ് ഇന്ദുജയെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയത്. അഭിജിത്തിന്റെ വീടിന് സമീപത്തെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതിന് ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്നും പൊലീസിൽ പരാതി നൽകിയ ശേഷം ഒരുവട്ടം കണ്ടെന്നുമാണ് ഇന്ദുജയുടെ കുടുംബത്തിന്റെ പരാതി.
ഇന്ദുജയെ മരുമകളായി അംഗീകരിക്കാൻ അഭിജിത്തിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ല. ഇവരുടെ വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്തിരുന്നുമില്ല. എന്നാൽ, അജാസ് ഇളവട്ടത്തെ അഭിജിത്തിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു.
ബുധനാഴ്ച അജാസ് രാവിലെ വീട്ടിൽ വരുമ്പോൾ ഇന്ദുജ മറ്റാരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. വീടിന്റെ രണ്ടാംനിലയിൽ അകത്തെ മുറിയിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ഇന്ദുജയുടെ ഫോൺ അജാസ് പിടിച്ചുവാങ്ങി. ഇന്ദുജ നിരന്തരം മറ്റൊരു യുവാവിനെ വിളിക്കുന്നതായി അജാസ് സംശയിച്ചു. ഈ വിവരം അഭിജിത്തിനെ അറിയിച്ചു.
തുടർന്ന് അജാസ് ഇന്ദുജയെ കാറിൽ കയറ്റിക്കൊണ്ടു പുറത്തേക്കുപോയി. നേരെപോയത് ശംഖുംമുഖത്തേക്ക്. ഇവിടെ എത്തിയ ഇരുവരും വാക്കേറ്റവും കൈയാങ്കളിയുമായി. തുടർന്ന് അജാസ് ഇന്ദുജയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഈ വിവരങ്ങളെല്ലാം അപ്പോൾത്തന്നെ അജാസ് അഭിജിത്തിനെ വിളിച്ചുപറഞ്ഞു. രാത്രി വീട്ടിൽ കൊണ്ടാക്കിയ ഇന്ദുജ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അജാസിനെ വീണ്ടും വിളിച്ചു. താൻ ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് അറിയിച്ചു.
ഉടൻതന്നെ അജാസ് ഈ വിവരം അഭിജിത്തിനെ അറിയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അഭിജിത്ത് വീട്ടിലെത്തി മൃതദേഹം താഴെയിറക്കി ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ എല്ലാ മുൻകരുതലുകളോടെ അജാസും ഉണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിന് ഇരുവരെയും വിളിച്ചുവരുത്തുമ്പോൾ അജാസും അഭിജിത്തും വാട്‌സാപ്പ് ചാറ്റുകൾ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.
പ്രതികൾ ഇരുവരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷമാകും കൂടുതൽ തെളിവെടുപ്പ്. കാട്ടാക്കട ഡിവൈ.എസ്.പി. ഷിബു, പാലോട് സി.ഐ. അനീഷ്‌കുമാർ, എസ്.ഐ. ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.