ജയ്പുര്‍: രാജസ്ഥാനിലെ ദൗസയില്‍ 55 മണിക്കൂറിലേറെ കുഴല്‍ക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരനെ രക്ഷപ്പെടുത്തി. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തത്തിക്കാൻ അതിനു സമാന്തരായി 155 അടി ആഴത്തിലും നാലടിവീതിയിലും തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
കളിച്ചുകൊണ്ടിരിക്കേ, തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് 5 വയസ്സുകാരന്‍ ആര്യന്‍ അപകടത്തില്‍പ്പെട്ടത്. കുട്ടി ദൗസ ജില്ലയിലെ കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തുറന്ന കുഴല്‍ക്കിണറില്‍ വീണത്.
കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്സിജന്‍ എത്തിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. കിണറ്റിൽ കാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയിക്കാതിരുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു.