29 C
Trivandrum
Monday, January 13, 2025

മിഷൻ 41: 14 ജില്ലകളുള്ള കേരളത്തിൽ ബി.ജെ.പിക്ക് 31 ജില്ലാ പ്രസിഡൻ്റുമാർ

തിരുവനന്തപുരം: കേരള ബി.ജെ.പി.യില്‍ വന്‍ പൊളിച്ചുപണിക്കൊരുങ്ങി നേതൃത്വം. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്ത് പാർട്ടിക്ക് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ കോര്‍ കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം ഇരട്ടിയിലധികമാകും. 31 ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളുമുണ്ടാകും.

Follow the FOURTH PILLAR LIVE channel on WhatsApp 

2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ വിജയം മുന്നില്‍ കണ്ടുള്ള മിഷന്‍ 41 പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് കോർ കമ്മിറ്റി യോഗത്തിലെ ധാരണ. ഇതിനായി കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് പ്രവർത്തനം ശക്തിപ്പെടുത്തും.

3 ജില്ലകള്‍ക്ക് 3 ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാവും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കുക. ബാക്കി 11 റവന്യൂ ജില്ലകളെ 2 വീതമായി വിഭജിച്ച് 2 ജില്ലാ പ്രസിഡൻ്റുമാരെ നിയോഗിക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ നഗരസഭകളില്‍ അധികാരം പിടിക്കുകയെന്നതാണ് ബി.ജെ.പി. ലക്ഷ്യം. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ടു തവണയും ബി.ജെ.പിയാണ് പ്രധാന പ്രതിപക്ഷം. 2010ല്‍ വെറും 6 സീറ്റുകള്‍ മാത്രമുണ്ടായിരുന്നത് 2015,2020 വര്‍ഷങ്ങളില്‍ 35ലേക്ക് ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. സംഘടനാ തലത്തില്‍ കൂടുതല്‍ ജില്ലകളാക്കിയുള്ള പ്രവര്‍ത്തനം മറ്റ് പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ സഹായകമായിരുന്നു. ഇത് കേരളത്തിലും നടപ്പാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് കൂടുതല്‍ ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങൻ നൽകരുതെന്നും തീരുമാനിച്ചു.

ഗ്രൂപ്പ് പ്രവർത്തനം അംഗീകരിക്കില്ലെന്നും സമന്വയത്തിന്റെ പാതയാണ് നേതൃത്വം സ്വീകരിക്കുക എന്നും യോഗത്തിൽ പങ്കെടുത്ത കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എം.പിയും വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാലക്കാട് ഉള്‍പ്പെടെയുള്ള 3 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി യോഗം ചര്‍ച്ച ചെയ്തില്ല. സമാനമായി തന്നെ പാലക്കാട് നഗരസഭയില്‍ ലീഡ് കൈവിട്ടതും യോഗത്തില്‍ ചര്‍ച്ചയായില്ല.

കെ.സുരേന്ദ്രന്‍ തന്നെ 2026വരെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് യോഗത്തിലെ അനൗദ്യോഗിക തീരുമാനം. പാലക്കാട് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പൊട്ടിത്തെറി അവസാനിച്ചുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർക്ക് പുറമെ മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ എന്നിവരും പങ്കെടുത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks