Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: ‘കാട്ടുകള്ളാ എം.കെ.രാഘവാ, നിന്നെയിനിയും റോഡിൽ തടയും’ -എം.കെ.രാഘവൻ എം.പിയുടെ വീടിനു മുന്നിലെ വഴിയിൽ മുഴങ്ങിയ ഈ മുദ്രാവാക്യം വിളിച്ചത് സി.പി.എമ്മുകാരോ ബി.ജെ.പിക്കാരോ ആയിരുന്നില്ല. രാഘവൻ്റെ സ്വന്തം പാർട്ടി കോൺഗ്രസിൽ പെട്ടവർ തന്നെയായിരുന്നു. മാടായി കോളേജിലെ നിയമന വിവാദത്തിൽ രാഘവൻ്റെ വീട്ടലേക്കു കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിലാണ് അധിക്ഷേപ മുദ്രാവാക്യങ്ങളുയർന്നത്. കണ്ണൂർ കുഞ്ഞിമംഗലത്തെ വീട്ടിലേക്കായിരുന്നു മാർച്ച്.
കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള പയ്യന്നൂർ സഹകരണ സൊസൈറ്റിക്ക് കീഴിലുള്ള മാടായി കോളേജിൽ ഒഴിവുവന്ന അനധ്യാപക തസ്തികയിൽ രാഘവന്‍റെ ബന്ധുവായ സി.പി.എം. പ്രവർത്തകനെ നിയമിച്ചതിലാണ് എതിർപ്പ്. കോളേജ് ചെയർമാൻ കൂടിയായ രാഘവനെ ശനിയാഴ്ച വഴിയിൽ തടഞ്ഞ കുഞ്ഞിമംഗലത്തെ 4 നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുമായി ജില്ലാ നേതാക്കൾ അനുരഞ്ജന ചർച്ചയും നടത്തി.എന്നാൽ തിങ്കളാഴ്ച രാവിലെ രാഘവന്‍റെ ബന്ധുവിന് നിയമന ഉത്തരവ് നൽകിയതോടെയാണ് പ്രതിഷേധം പരസ്യമായത്.
രാഘവനെതിരെ പ്രകടനം നടത്തിയ പ്രവർത്തകർ കഴിഞ്ഞ ദിവസം എം.പിയുടെ കോലം കത്തിച്ചിരുന്നു. രാഘവന്‍റെ നാടായ കുഞ്ഞിമംഗലത്തെ കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നൽകി. 14 ബൂത്ത് പ്രസിഡന്‍റുമാരും രാജി നൽകി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ഡി.സി.സി. കോളേജ് ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടിയെടുത്തു. പയ്യന്നൂർ നഗരസഭ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുളളവരെ സസ്പെൻഡ് ചെയ്തെങ്കിലും പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ മുന്നോട്ടുപോയി. അതാണ് ഇപ്പോൾ രാഘവൻ്റെ വീട്ടിലേക്കു മാർച്ച് നടത്തുന്നതിലേക്കും അധിക്ഷപ മുദ്രാവാക്യത്തിലേക്കും നയിച്ചത്.
മാടായി കോളജിലെ നിയമനത്തെ ചൊല്ലിയുള്ള ചേരിപ്പോര് കോൺഗ്രസ് തലപ്പത്തേയ്ക്കും പടരുകയാണ്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും തനിക്കെതിരായ നീക്കത്തിനു പിന്നിൽ കെ.സുധാകരനാണെന്ന സൂചനയാണ് എം.കെ രാഘവൻ നൽകിയത്. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റിനെ തള്ളിപ്പറഞ്ഞതോടെ ഫലത്തിൽ സുധാകരനെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണ് രാഘവൻ. മാടായി പ്രതിഷേധം അതിരുകടന്നെന്ന നേതാക്കളുടെ നിലപാടും തനിക്കുള്ള പിന്തുണയായി രാഘവൻ കാണുന്നു.
പാർട്ടി താല്പര്യത്തിനപ്പുറം മാടായി കോളേജിൽ നിയമനം നടത്തിയത് മെറിറ്റ് അടിസ്ഥാനത്തിലാണെന്നാണ് എം.കെ രാഘവന്റെ അവകാശവാദം. കൈകൾ ശുദ്ധമാണ്. കള്ളനെന്ന് വരുത്തി ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു. അതെങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും എംകെ രാഘവന്‍ പറഞ്ഞു.