തിരുവനന്തപുരം: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ.) നിന്ന് 168 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി കെല്‍ട്രോണ്‍. എഫ്.സി.ഐ. ഉടമസ്ഥതയില്‍ രാജ്യത്തുടനീളമുള്ള 561 ഡിപ്പോകളില്‍ സി.സി.ടി.വി. ക്യാമറകളുടെ സപ്ലൈ, ഇന്‍സ്റ്റലേഷന്‍, ടെസ്റ്റിങ്, കമീഷനിങ്, ഓപ്പറേഷന്‍സ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓര്‍ഡര്‍.
എന്‍വയോണ്‍മെന്റല്‍ സെന്‍സറുകള്‍, 23,000 ക്യാമറ സിസ്റ്റങ്ങള്‍, വീഡിയോ അനലിറ്റിക്സ് സോഫ്റ്റ്വെയര്‍, ഡിപ്പോ ലെവലിലുള്ള വ്യൂവിങ് സ്റ്റേഷനുകള്‍, ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടുന്ന പദ്ധതിയാണിത്. ഒമ്പതു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ റെയില്‍ടെല്‍ കോര്‍പ്പറേഷന്‍, ടെലി കമ്യൂണിക്കേഷന്‍ ഇന്ത്യ ലിമിറ്റഡ് (ടി.സി.ഐ.എല്‍.) ഉള്‍പ്പെടെ അഞ്ചു സ്ഥാപനങ്ങള്‍ക്കൊപ്പം മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പങ്കെടുത്താണ് കെല്‍ട്രോണ്‍ ഓര്‍ഡര്‍ സ്വന്തമാക്കിയത്.
അടുത്തിടെ മഹാരാഷ്ട്രയിലെ നാഗ്പുര്‍ കോര്‍പറേഷനില്‍നിന്ന് 197 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോണ്‍ നേടിയിരുന്നു. കെല്‍ട്രോണ്‍ വികസിപ്പിച്ച ഇന്റലിജന്റ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായിരുന്നു ഓര്‍ഡര്‍. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളോട് മത്സരിച്ചാണ് ഈ ഓര്‍ഡറും കെല്‍ട്രോണ്‍ സ്വന്തമാക്കിയത്.