കാത്തിരിപ്പിനൊടുവിൽ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു, വി.ഡി.സതീശൻ മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: വി.ഡി.സതീശൻ കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയാവും. നിയമസഭാകക്ഷി നേതാവായി സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. 61കാരനായ വി ഡി സതീശൻ പറവൂരിൽ നിന്നുള്ള നിയമസഭാ അംഗമാണ്. ദീർഘകാലമായി എം.എൽ.എ. ആണെങ്കിലും ഇതുവരെ മന്ത്രിസഭയിൽ എത്തിയിട്ടില്ലെന്ന പ്രത്യേകതയുണ്ട്.

മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തീരുമാനം കെ.സി.വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചു. രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിൻ്റെ വസതിയിൽവച്ച് ഒന്നര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിൻ്റെ ഫോൺകോളെത്തി. കൊച്ചിയിൽ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി.സതീശൻ കൻ്റോൺമെൻ്റ് ഹൗസിലെത്തി. രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ മുറിയിലാണ്. അദ്ദേഹത്തിനൊപ്പം ജ്യോതികുമാർ ചാമക്കാലയും അൻവർ സാദത്ത് എം.എൽ.എയും ഉണ്ട്.

ചാർട്ടേഡ് വിമാനത്തിൽ കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും. വിമാനം 4 മണിക്കാണ് തിരുവനന്തപുരത്ത് എത്തുന്നത്. കെ.സി.വേണുഗോപാൽ അതിലുണ്ടാവില്ലെന്നാണു വിവരം. വിമാനം ലാൻഡ് ചെയ്യാൻ എയർപോർട്ട് അധികൃതരോട് അനുവാദം ചോദിച്ചു. ഇതോടെ നിയമസഭാ കക്ഷി യോഗം നീളുമെന്ന് ഉറപ്പായി. സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചു. എപ്പോൾ വേണമെങ്കിലും എത്താമെന്നും ലോക്ഭവനിൽ ഉണ്ടാകുമെന്നുമായിരുന്നു ഗവർണറുടെ മറുപടി.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ‘ആരാണ് മുഖ്യമന്ത്രി?’ എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശൻ്റെ പേരിൽ മുദ്രവെച്ചിരിക്കുകയാണ്. കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ മുഖമായി മുന്നിൽ നിന്നതും എൽ.ഡി.എഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ വേണുഗോപാലും സീനിയോറിറ്റിയുടെ ആനുകൂല്യം തനിക്കാണെന്ന്‌ ചെന്നിത്തലയും അവകാശപ്പെട്ടിരുന്നു. മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ ഉടൻ ആരംഭിക്കും. സതീശനിൽ നിർണായക സ്വാധീനമുള്ള മുസ്ലിം ലീഗിന് നിർണായക വകുപ്പുകൾ ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Recent Articles

Related Articles

Special