Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ പരോക്ഷ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസ് പാർടിക്ക് ഉപരിയായി ഒരു ഇമേജും താൻ ഉണ്ടാക്കാറില്ലെന്നും കടന്നാക്രമണങ്ങളിൽ ഭയന്നോടില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുസ്ലിം ലീഗിൻ്റെ സമ്മർദമാണോ സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ ഹൈക്കമാൻഡിന് സമ്മർദമായതെന്ന ചോദ്യത്തോട് വേണുഗോപാൽ പ്രതികരിച്ചില്ല.
പിടിവലിക്കൊടുവിൽ മുഖ്യമന്ത്രിയായി സതീശനെ പ്രഖ്യാപിച്ച ഹൈക്കമാൻഡ് നടപടിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിജോയജിപ്പ് അറിയിച്ചു. അച്ചടക്കം പാലിച്ചിട്ടും അവഗണനയാണ് നേരിട്ടതെന്നും തൻ്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. 70 കാരനായ രമേശ് ചെന്നിത്തല തൻ്റെ സീനിയോരിറ്റി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും യു.ഡി.എഫ്. മന്ത്രിസഭയിൽ ചേരില്ലെന്നും അദ്ദേഹത്തിൻ്റെ അനുയായികൾ പറയുന്നുണ്ട്.
ഹൈക്കമാൻഡാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിച്ചത്, പാർടി തീരുമാനം ശിരസ്സാവഹിക്കുകയാണെന്ന് വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. നേതൃത്വം പല ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടാകും. കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും താൻ എടുക്കില്ല. ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചുവന്നയാളല്ല താൻ. സൈബർ വേട്ടയാടലുകളെക്കുറിച്ച് ഒന്നും പറയാനില്ല. ആക്രമിക്കുന്നവർ ഇനിയും ആക്രമിക്കട്ടെയെന്നും വേണുഗോപാൽ പറഞ്ഞു.






















