കോൺഗ്രസ് നിയമസഭാകക്ഷി പ്രമേയം പാസാക്കി: മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ കോര്‍ട്ടിലേക്ക്. നേതാവിനെ തീരുമാനിക്കാൻ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുന ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നിയമസഭാകക്ഷി യോഗം പ്രമേയം പാസാക്കി. കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവരാണ് മുഖ്യമന്ത്രി കസേരയ്ക്കായി മത്സരത്തിലുള്ളത്.

വ്യാഴാഴ്ച കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിന്താങ്ങി. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും യോഗത്തിൽ സന്നിഹിതരായിരുന്നു.

നിരീക്ഷകരും ദീപാ ദാസ് മുൻഷിയും കോൺഗ്രസ് എം.എൽ.എമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച തുടങ്ങിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയിൽ എം.എൽ.എമാർ ആർക്കാണ് തങ്ങളുടെ പിന്തുണയെന്ന് വ്യക്തമാക്കും. മണ്ഡലത്തിലെ ചില ആവശ്യങ്ങൾക്ക് മടങ്ങേണ്ടതിനാൽ ചാണ്ടി ഉമ്മനാണ് മാക്കനും വാസ്‌നിക്കും ദീപാ ദാസ് മുൻഷിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. എ.ഐ.സി.സി. ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെ.മുരളീധരൻ പറഞ്ഞു.

നിരീക്ഷകരും എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് നേരത്തെ സതീശൻ ക്യാമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം അംഗീകരിക്കപ്പെട്ടില്ല.

Recent Articles

Related Articles

Special