Follow the FOURTH PILLAR LIVE channel on WhatsApp
ബെയ്ജിങ്: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റില്‍ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ മെഗാ അണക്കെട്ടിൻ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ചൈന. 167.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 14.4 ലക്ഷം കോടി രൂപ) ചെലവഴിച്ച് നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണിത്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയായ യാർലുങ് സാങ്‌ബോയിൽ, ന്യിങ്‌ചി സിറ്റിയിൽ നടന്ന തറക്കല്ലിടൽ ചടങ്ങിൽ, ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് അണക്കെട്ടിൻ്റെ നിർമ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ചുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിബറ്റില്‍ ‘യാർലുങ് സാങ്‌പോ’ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് പുതിയ അണക്കെട്ട്. 5 കാസ്കേഡ് ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. മൊത്തം നിക്ഷേപം ഏകദേശം 1.2 ട്രില്യൺ യുവാൻ (ഏകദേശം 167.8 ബില്യൺ യു.എസ്. ഡോളർ) ആയിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 2023ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജലവൈദ്യുത നിലയം ഓരോ വർഷവും 300 ബില്യൺ കിലോവാട്ട് അവറിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
30 കോടിയിലധികം ആളുകളുടെ വാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ വൈദ്യുതിയാകും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുക എന്നാണ് ചൈനയുടെ അവകാശവാദം. ചൈന ഔദ്യോഗികമായി സിസാങ് എന്ന് വിളിക്കുന്ന ടിബറ്റിലെ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, പുറമെയുള്ള ഉപഭോഗത്തിനായാണ് പ്രധാനമായും ഇവിടുത്തെ വൈദ്യുതി വിതരണം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പദ്ധതിക്ക് ചൈനീസ് സർക്കാർ അംഗീകാരം നല്‍കിയത്.
ബ്രഹ്‌മപുത്ര നദി അരുണാചല്‍ പ്രദേശിലേക്കും തുടര്‍ന്ന് ബംഗ്ലാദേശിലേക്കും ഒഴുകുന്നതിനായി ഒരു വലിയ വളവ് തിരിയുന്ന ഒരു ഭീമന്‍ മലയിടുക്കിലാണ് അണക്കെട്ട് നിര്‍മിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ബ്രഹ്‌മപുത്രയ്ക്ക് കുറുകെ ഇന്ത്യയും ഒരു അണക്കെട്ട് നിര്‍മിക്കുന്നുണ്ട്.