Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോക്സഭയിലും രാജ്യസഭയിലും പാസാക്കപ്പെട്ട വഖഫ് ഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ നിയമമായി.
ലോക്സഭയില്‍ 288 എം.പിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 232 എം.പിമാരാണ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. 23 ലോക്സഭാംഗങ്ങള്‍ സഭയില്‍ ഹാജരായില്ല.
രാജ്യസഭയില്‍ 128 എം.പിമാരാണ് വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചത്. 95 എം.പിമാര്‍ എതിര്‍ത്തു. പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു.
വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് 5 മുസ്ലിം എം.പിമാർ കത്തയച്ചുവെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം വഖഫ് ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് എം.പിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.