29 C
Trivandrum
Tuesday, February 11, 2025

മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ എത്തി

തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തി. കേരളത്തിലും സംസ്ഥാനത്തിന് പുറത്തും ചിത്രത്തിന് അഡ്വാന്‍സ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

റിലീസിന് 2 ദിവസം മുന്‍പാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രെയ്ലര്‍ നല്‍കിയത്. ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ.സൂരജ് രാജന്‍, ഡോ.നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഗൗതം മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലര്‍ കൂടിയാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈന്‍ ടോം ചാക്കോ, വഫ ഖദീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മമ്മൂട്ടിയുടെ 2025ലെ ആദ്യ റിലീസായാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’എത്തിയത്. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകരണമായിരുന്നു.

ഛായാഗ്രഹണം- വിഷ്ണു ആര്‍.ദേവ്, സംഗീതം- ദര്‍ബുക ശിവ, ചിത്രസംയോജനം- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്സ്റ്റണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, ചമയം- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks