29 C
Trivandrum
Tuesday, January 14, 2025

കമല കാമേഷ് അന്തരിച്ചു

ചെന്നൈ: എം.ടി.വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത അമൃതം ഗമയ എന്ന ചിത്രത്തിൽ നമ്പൂതിരി ഇല്ലത്തിൻ്റെ അകത്തളങ്ങളിൽ നിസ്സഹായയായി ജീവിതം തള്ളിനീക്കുന്ന ഗീതയെ മലയാളി മറക്കില്ല. ആ ചിത്രത്തിൽ നായികയായ പാർവതി അവതരിപ്പിച്ച ശ്രീദേവിയുടെ അമ്മ കഥാപാത്രമായ ഗീതയെ അവതരിപ്പിച്ച് മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അന്യഭാഷാ നടി കമല കാമേഷ്(72) അന്തരിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടിയും നര്‍ത്തകിയുമായ ഉമയാണ് മകള്‍. നടന്‍ റിയാസ് ഖാന്റെ ഭാര്യാമാതാവാണ്. 1974ല്‍ സംഗീത സംവിധായകനായ കാമേഷിനെ വിവാഹം ചെയ്തു. 1984ൽ അദ്ദേഹം അന്തരിച്ചു.

1979ൽ പുറത്തിറങ്ങിയ കുടിസൈ എന്ന തമിഴ് ചിത്രത്തിൽ നായികയായാണ് കമല ചലച്ചിത്ര ലോകത്ത് അരങ്ങേറിയത്. അവർ നായികയായി അഭിനയിച്ച ഏക ചിത്രവും അതു തന്നെ. 1980കളിൽ തമിഴിലെ തിരക്കേറിയ സഹനടിയായി. വിശുവിൻ്റെ ചിത്രങ്ങളിലാണ് കൂടുതലായും കമല അഭിനയിച്ചത്. വിശുവിൻ്റെ അലൈകൽ ഓയ്വതില്ലൈ എന്ന ചിത്രത്തിൽ പ്രായമേറിയ അമ്മ വേഷത്തിൽ കമല അഭിനയിച്ചതാണ് വഴിത്തിരിവായത്. അതിനു ശേഷം അവരെ തേടിയെത്തിയതെല്ലാം ആ സ്വഭാവത്തിലുള്ള റോളുകളായിരുന്നു. മലയാളത്തിലും കമല അഭിനയിച്ചത് ഇത്തരം വേഷങ്ങൾ തന്നെ.

മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ സജീവമായിരുന്നു. 500ലേറെ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് കമല. ഇതിൽ 480ഓളം തമിഴിലാണ്. മലയാളത്തില്‍ 11 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വെളിച്ചം വിതറുന്ന പെൺകുട്ടി, രുഗ്മ, ഒരു സന്ദേശം കൂടി, ധിം തരികിട തോം, ആളൊരുങ്ങി അരങ്ങൊരുങ്ങി, വീണ്ടും ലിസ, അസ്ഥികൾ പൂക്കുന്നു, ഉത്സവപ്പിറ്റേന്ന്, ഇവളെൻ്റെ കാമുകി, അവൻ അനന്തപദ്മനാഭൻ തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായിരുന്നു. കന്നഡയിൽ എട്ടും തെലുങ്കിൽ ഒന്നും സിനിമകളിൽ വേഷമിട്ടു. ഏതാനും ടെലിവിഷൻ സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്.

ആര്‍.ജെ.ബാലാജി സംവിധാനം ചെയ്ത് വീട്ല വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks