Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യുന്നപോലെ ഹണി റോസും ഓഡിറ്റ് ചെയ്യപ്പെടണമെന്ന് രാഹുൽ ഈശ്വർ. ഒരു മിനിറ്റിന്റെ തമാശയ്ക്ക് ഒരാളെ വർഷങ്ങളോളം ജയിലിൽ ഇടണമെന്ന് പറയുന്നത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതിനെ ആരും ന്യായീകരിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ശരിയായില്ലെന്നും ഹണി റോസിനോട് മാപ്പ് പറയണമെന്നും ആദ്യം പറഞ്ഞവരില്‍ ഒരാളാണ് ഞാന്‍. ബോബിയെ സോഷ്യല്‍ ഓഡിറ്റ് ചെയ്യുന്നപോലെ ഹണി റോസിനേയും ഓഡിറ്റ് ചെയ്യണം. ബോബിയുടെ വാക്കുകള്‍ക്ക് മാന്യത വേണം. ഹണി റോസിന്റെ വസ്ത്രധാരണത്തിലും മാന്യത വേണം -രാഹുൽ പറഞ്ഞു.
ഹണി റോസിനെ ബഹുമാനമാണ്. പക്ഷേ, അവരെ വിമര്‍ശിക്കാന്‍ പോലും പാടില്ലെന്ന് പറയുന്നത് ശരിയാണോ. ഏത് അഭിനേത്രി ആയാലും അവരുടെ വസ്ത്രധാരണത്തില്‍ മിതത്വം വേണമെന്ന് പറഞ്ഞാല്‍ പുരുഷവാദിയായും, അഞ്ചാംനൂറ്റാണ്ടുമായി. ഈ ഇരട്ടത്താപ്പിനെതിരെയാണ് പ്രതികരിക്കുന്നത്. ബോബിക്ക് ജാമ്യം ലഭിക്കണമായിരുന്നു. ഒരു മിനിറ്റിന്റെ തമാശയ്ക്ക് ഒരാളെ ഒരുവർഷം ജയിലിൽ ഇടണമെന്ന് പറയുന്നത് അന്യായമാണ്. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത് ശരിയല്ലെന്ന് പറയാനുള്ള ധൈര്യമുണ്ട്. ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ശരിയല്ല. അതിനുവേണ്ടി ഒരു വര്‍ഷമോ മൂന്ന് വര്‍ഷമോ ഇദ്ദേഹത്തെ ജയിലില്‍ ഇടേണ്ടതുണ്ടോ. ബോബി മാപ്പ് പറയാന്‍ തയ്യാറായി. അതിന് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. ആ മാപ്പ് സ്വീകരിക്കാന്‍ ഹണി റോസ് തയ്യാറാണോ, രാഹുൽ ചോദിച്ചു.
നേരത്തെ, ബോബിക്കെതിരേ പരാതി നൽകിയതുസംബന്ധിച്ച ചാനൽ ചർച്ചയിൽ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പരാമർശിച്ച രാഹുൽ ഈശ്വറിനെതിരേ ഹണി റോസ് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്. രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ് തന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.