Follow the FOURTH PILLAR LIVE channel on WhatsApp
അബുദാബി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് -ഐ.കെ.ജി.എസ്.) പങ്കെടുക്കുന്നതിന് യു.എ.ഇ. പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു. യു.എ.ഇ. നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിയുമായി വ്യവസായ മന്ത്രി പി.രാജീവ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി അൽ സുവൈദി പറഞ്ഞു. ഐ.കെ.ജി.എസിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയയ്ക്കുമെന്ന് മന്ത്രി പി.രാജീവിനെ അറിയിച്ചു. ഐ.കെ.ജി.എസിന് മുൻപായി പ്രാഥമിക പരിശോധനകൾക്കായി ചേംബറിൻ്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും. ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകൾ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നത്. ചേംബർ ഓഫ് കോമേഴ്സ് ചെയർമാനും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക് ഡവലപ്മെൻ്റ് തലവനുമായ അഹമ്മദ് ജാസിം, ഫസ്റ്റ് വൈസ് ചെയർമാൻ ഡോ.സഈദ് ബിൻ ഹർമാൽ അൽ ദഹേരി, സെക്കൻ്റ് വൈസ് ചെയർമാൻ ഡോ.ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

2 ദിവസത്തെ ദുബായ് ഇൻവെസ്റ്റർ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികൾ, വാണിജ്യ സംഘടനകൾ എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചകളും നടക്കും. വ്യവസായ മന്ത്രി പി.രാജീവിനൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ്, കെ.എസ്.ഐഡി.സി എം.ഡി. എസ്.ഹരികിഷോർ, ഒ.എസ്.ഡി ആനി ജൂല തോമസ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.































