Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂര്‍: മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ പി.വി.അന്‍വറിനെതിരേ വീണ്ടും വക്കീല്‍ നോട്ടീസയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. ഇത് നാലാമത്തെ വക്കീല്‍ നോട്ടീസാണ് അന്‍വറിനെതിരെ ശശി അയക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയില്‍ 150 കോടിയുടെ ആരോപണം ഉന്നയിച്ചത് ശശി പറഞ്ഞിട്ടാണെന്ന അന്‍വറിന്റെ പരാമര്‍ശത്തിലാണ് നോട്ടീസ്.
പി.ശശിക്കെതിരേയും എ.ഡി.ജി.പി. എം.ആർ.അജിത്കുമാറിനെതിരേയും കലാപക്കൊടിയുയര്‍ത്തി പി.വി.അന്‍വര്‍ പുറത്തുവന്ന ശേഷം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലെല്ലാം ശശി വക്കീല്‍നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതികളില്‍ നടന്നുവരുന്നതിനിടെയാണ് വീണ്ടും വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.
പി.ശശി എഴുതിക്കൊടുത്തപ്രകാരമാണ് നിയമസഭയിൽ വി.ഡി സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും ഇതില്‍ വി.ഡി.സതീശനോട് മാപ്പ് പറയുന്നുവെന്നും എം.എൽ.എ. സ്ഥാനം രാജിവെച്ചശേഷം അന്‍വര്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറയണമെന്നും പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്‍വറിന്റെ പരാമര്‍ശം പച്ചക്കള്ളമാണെന്നും അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം പി.ശശി പ്രതികരികരിച്ചിരുന്നു. അന്‍വറിന്റെ അടിസ്ഥാന രഹിതവും ദുരുദ്ദേശ്യത്തോടുകൂടിയതുമായ ആരോപണത്തിനെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.