എറണാകുളം: ഭാവഗായകൻ ഇനി ഓർമകളിൽ. അന്തരിച്ച പ്രിയ ഗായകൻ പി.ജയചന്ദ്രന് വിട നൽകി കേരളം. ഉച്ചയ്‌ക്ക് 1 മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ പറവൂർ ചേന്ദ്രമംഗലം പാലിയത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്.
സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം രാവിലെ 7.30ഓടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നു. ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്നാണ് ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടിലേക്ക് കൊണ്ടുവന്നത്.
സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീത പ്രേമികളും പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തീയറ്ററിലുമെത്തി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.