തിരുവനന്തപുരം: എൻജിനീയറിങ് രംഗത്ത് അടിസ്ഥാന അറിവുകൾ ശക്തമായിരിക്കണം എന്നതാണ് പ്രധാനമെന്ന് ഈ രംഗത്തെ വിദഗ്ധർ. ദൈനംദിന കാര്യങ്ങളിൽ എൻജിനീയറിങ് തത്ത്വങ്ങളുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അവർ നിർദ്ദേശിച്ചു. വട്ടിയൂർക്കാവ് പോളി ടെക്നിക്കിൽ ഇന്നവേഷൻ ആൻഡ് ഓൺറപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സെൻ്റർ (ഐ.ഇ.ഡി.സി.), ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ (ഐ.ഐ.സി.) എന്നിവ സംയുക്തമായി സംഘടിപ്പിച്ച സി.പി.ടി. ഹാക്സ് എന്ന ഹാക്കത്തോൺ മത്സരത്തിലാണ് അവർ ഇതു പറഞ്ഞത്.
കെൽട്രോൺ മാനേജിങ് ഡയറക്ടർ വൈസ് അഡ്മിറൽ ബി.ശ്രീകുമാർ നായർ സി.പി.ടി. ഹാക്സ് ഉദ്ഘാടനം ചെയ്തു. വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ മികച്ച ബന്ധമുണ്ടാക്കാനും അത് ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും നടപടികളുണ്ടാവണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പ്രാക്ടിക്കൽ ഇംപ്ലിമെൻ്റേഷൻ ഓഫ് ഇൻഡസ്ട്രി ഓൺ കാമ്പസ് എന്ന വിഷയത്തിൽ പാനൽ ചർച്ചയും സി.പി.ടി. ഹാക്സസിൻ്റെ ഭാഗമായി നടന്നു. വ്യവസായങ്ങളുമായി ബന്ധപ്പെടുത്തി സാങ്കേതിക പഠനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമിടയിൽ നടത്തേണ്ട ബോധവത്കരണത്തെക്കുറിച്ചും പഠനരീതിയിൽ സ്വീകരിക്കേണ്ട പുതുവഴികളെക്കുറിച്ചും വിശദമായ ചർച്ച നടന്നു.
ഹാക്കത്തോണിലും ചർച്ചയിലും കേരള സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക മുഖ്യാതിഥി ആയിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ സ്ഥാപക സി.എഫ്.ഒയും കേരള സ്റ്റാർട്ട് അപ് മിഷൻ്റെ ആദ്യ മാനേജിങ് ഡയറക്ടറുമായ ഡോ.കെ.സി.ചന്ദ്രശേഖരൻ നായർ, റിലയൻസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡൻ്റ് ഡോ.സജീവ് കുമാർ നായർ, സി ഡാക് മുൻ ഡയറക്ടർ ഡോ.ജി.അലക്സാണ്ടർ, സി.പി.ടി. പ്രിൻസിപ്പൽ എൽ.എസ്.ബീന, സി.പി.ടിയലെ ഐ.ഇ.ഡി.സി. ഉദ്യമ നോഡൽ ഓഫീസർ ജി.എസ്.ബൈജു, ഐ.ഐ.സി. കൺവീനർ എ.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.